കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ പുതിയ 20 ഡോക്ടർമാർ ചുമതലയേറ്റു

കണ്ണൂർ (പരിയാരം): സർക്കാർ ഏറ്റെടുത്തശേഷം കണ്ണൂർ ഗവ മെഡിക്കൽകോളേജിൽ പുതുതായി 20 ഡോക്ടർമാർ ചുമതലയേറ്റെടുത്തു. പ്രിൻസിപ്പാളിന് പുറമെയാണ് മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നും ട്രാൻസ്ഫറായും പി.എസ്. സി വഴി നിയമിതരായും വിവിധ വിഭാഗങ്ങളിൽ ഇത്രയും ഡോക്ടർമാർക്കൂടി പുതുതായി പരിയാരത്തെത്തിയത്.
ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിൽ സേവനം അനുഷ്‌ഠിച്ച വ്യത്യസ്ത വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടർമാരെ പരിയാരത്ത് സേവനമനുഷ്ഠിക്കാൻ ചുമതലപ്പെടുത്തിയത്.സർക്കാർ ഏറ്റെടുക്കുന്ന ഘട്ടത്തിൽ മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്ന ഡോക്ടർമാർക്ക് പുറമെയാണിത്. ഇതുപ്രകാരം, പ്രൊഫസർ തസ്തികയിൽ ഡോ.അലക്‌സ് ഉമ്മൻ (ജനറൽ സർജറി), ഡോ അരവിന്ദ് എസ്.ആനന്ദ് (റേഡിയോതെറാപ്പി), ഡോ ലത വി (പാത്തോളജി) എന്നിവരാണ് ചുമതയേറ്റത്.ജനറൽ സർജറി വിഭാഗത്തിൽ ഡോ ഇ.പി ഉണ്ണിക്കൃഷ്ണൻ , ഡോ ഷാരുൺ അബി കുര്യൻ, ഡോ എം കെ സുബൈർ, ഡോ കെ അതീഷ് എന്നിവർ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലും നിയമിതരായി. നിലവിൽത്തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചികിത്സാ വിഭാഗമായ കാർഡിയോളജിയിൽ ഡോ കെ എൻ ഹരികൃഷ്ണൻ, ഡോ ടി സൈതലവി എന്നിവരും കാർഡിയോ വാസ്കുലർ & തൊറാസിക് സർജറി വിഭാഗത്തിൽ ഡോ അഷ്‌റഫ്‌ ഉസ്മാനും മറ്റ് സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും കണ്ണൂർ മെഡിക്കൽ കോളേജിലെത്തിയ ഡോക്ടർമാരാണ്.

മെഡിക്കൽ കോളേജിൽ ഇതാദ്യമായി പ്രത്യേകമായി തീരുമാനിച്ച പീഡിയാട്രിക്‌സ് ന്യുറോളജി വിഭാഗത്തിൽ ഡോ ഹർഷ ടി വാളൂരിന്റെ സേവനവും ഇനിമുതൽ പരിയാരത്തുനിന്ന് ജനങ്ങൾക്ക് ലഭിക്കും. പീഡിയാട്രിക്‌സ് സർജറി വിഭാഗത്തിൽ ഡോ നിബി ഹസ്സനും ന്യുറോസർജറി വിഭാഗത്തിൽ ഡോ ഇ. പി ഉണ്ണിക്കൃഷ്ണൻ, ഡോ മുരളീകൃഷ്ണൻ എന്നിവരും, ട്രാൻഫ്യൂഷൻ മെഡിസിൻ വിഭാഗത്തിൽ ഡോ നിത്യാ മോഹനൻ, ഡോ എസ് ശ്രീലക്ഷ്മി എന്നിവരും നെഫ്രോളജി വിഭാഗത്തിൽ ഡോ പി ധനിൻ, ഫിസിക്കൽ മെഡിസിൻ ആന്റ് റീ ഹാബിലിറ്റേഷൻ വിഭാഗത്തിൽ ഡോ ഹേമലത, റേഡിയോ തെറാപ്പി വിഭാഗത്തിൽ ഡോ വി ആർ അഞ്ജലി തുടങ്ങിയ ഡോക്ടർമാരുടെ സേവനവും കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും ലഭ്യമായിത്തുടങ്ങി.


ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചുമതലയേറ്റ ജനറൽ സർജറി വിഭാഗത്തിലെ ഡോ എം.എ അനൂപാണ് കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ അവസാനം ചുമതലയേറ്റ ഡോക്ടർ. നേഫ്രോളജി സൂപ്പർ സ്‌പെഷ്യലിറ്റി ബിരുദം നേടിയ നിലവിൽ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടറായ ഡോ കെ വി അനുപമയുടെ സേവനം ഇനി മുതൽ നേഫ്രോളജി വിഭാഗത്തിൽ ലഭ്യമാണ്. വിവിധ വിഭാഗങ്ങളിൽ പ്രൊഫസർ തസ്തികകളിൽ ഉൾപ്പടെ സർക്കാർ പുതിയ ഡോക്ടർമാരെ അനുവദിച്ചത് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സസംവിധാനം കൂടുതൽ വിപുലപ്പെടുത്തുന്നതിന് സഹായകരമാണെന്ന് പ്രിൻസിപ്പാളും ആശുപത്രി സൂപ്രണ്ടും അറിയിച്ചു.

kannur govt medical college



Post a Comment

Previous Post Next Post