*യുക്രൈനിൽ റഷ്യൻ ആക്രമണ ഭീഷണി നിലനിൽക്കെ രാജ്യത്തുള്ള ഇന്ത്യൻ പൗരൻമാരോട് മടങ്ങി വരാൻ ആവശ്യപ്പെട്ട് ഇന്ത്യ*


യുക്രൈനിൽ റഷ്യൻ ആക്രമണ ഭീഷണി നിലനിൽക്കെ രാജ്യത്തുള്ള ഇന്ത്യൻ പൗരൻമാരോട് മടങ്ങി വരാൻ ആവശ്യപ്പെട്ട് ഇന്ത്യ. യുക്രൈനിൽ താമസം അത്യാവശ്യമല്ലാത്ത വിദ്യാർത്ഥികളുൾപ്പെടെ ഇന്ത്യയിലേക്ക് മടങ്ങണമെന്നും യുക്രൈനിൽ തന്നെ നിൽക്കുന്നവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും ഇന്ത്യ അറിയിച്ചു. യുക്രൈനെ ആക്രമിക്കാൻ റഷ്യൻ സൈന്യം തയ്യാറെടുക്കുകയാണെന്ന അമേരിക്കൻ മുന്നറിയിപ്പിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.ഇതിനിടെ ബുധനാഴ്ച റഷ്യ യുക്രൈനെ ആക്രമിച്ചേക്കുമെന്ന പ്രസ്താവന യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ തിരുത്തി. ആക്രമണ സാധ്യതയെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ പരാമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് പ്രസിഡന്റ് ഇപ്പോൾ പറയുന്നത്. പരാമര്‍ശം വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് തിരുത്തല്‍.അതേസമയം യുക്രൈന് പൂർണ പിന്തുണയറിയിച്ച് അമേരിക്കയും സഖ്യ രാജ്യങ്ങളും രം​ഗത്തുണ്ട്. റഷ്യ യുക്രൈനിനെ ആക്രമിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ശക്തമായ പ്രതികരണം ഉണ്ടാവുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ഇരു രാജ്യങ്ങളും ചർച്ച നടക്കുകയാണ്. നയതന്ത്ര ചർച്ചകൾക്ക് അമേരിക്ക തയ്യാറാണ്. അതേപോലെ തന്നെ മറ്റ് സാഹചര്യങ്ങൾക്കും അമേരിക്ക തയ്യാറാണെന്നും ജോ ബൈഡൻ വ്യക്തമാക്കി. എന്നാൽ യുഎസ് ആരോപണങ്ങളെ പൂർണമായും തള്ളുകയാണ് റഷ്യ.റഷ്യ യുക്രൈനെ ആക്രമിക്കാനൊരുങ്ങുന്നെന്ന് നേരത്തെ പലതവണ അമേരിക്ക മുന്നറിയിപ്പ് നൽകിയെങ്കിലും യുക്രൈൻ പ്രസിഡന്റ് ഇത് ​ഗൗരവമായെടുത്തിരുന്നില്ല. തനിക്ക് ഇത് ബോധ്യപ്പെടാൻ വ്യക്തമായ തെളിവുകൾ വേണമെന്നായിരുന്നു നേരത്തെ ഇദ്ദേഹം പറഞ്ഞത്. 

Post a Comment

Previous Post Next Post