കനത്ത വെല്ലുവിളി'; യു.പി പിടിക്കുക എളുപ്പമല്ലെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ






ലഖ്‌നൗ: യുപിയിൽ തെരഞ്ഞെടുപ്പ് ജയിക്കുക എളുപ്പമാകില്ലെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ. കേന്ദ്രമന്ത്രിയുടെ മകൻ ഉൾപ്പെട്ട ലഖിംപൂർ ഖേരിയിലെ അക്രമം, സമാജ്‌വാദി പാർട്ടി-രാഷ്ട്രീയ ലോക്ദൾ സഖ്യം, കർഷക സമരം എന്നിവ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും സർവേ പറയുന്നു. ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് മുന്നൂറിലേറെ സീറ്റിൽ വിജയിച്ച് അധികാരം നിലനിർത്തും എന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. പട്ടികജാതി, പിന്നാക്ക സമുദായങ്ങളിൽ പാർട്ടിക്ക് പരിഗണനീയമായ ഇടമുണ്ടെന്ന് സർവേ പറയുന്നു. എന്നാൽ യാദവരും മേൽജാതി കർഷകരും എസ്പിക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. ഉവൈസി ന്യൂനപക്ഷ വോട്ടുബാങ്കിൽ വിള്ളൽ സൃഷ്ടിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ന്യൂനപക്ഷ വോട്ടുകളിൽ ഉവൈസി വിള്ളലുകളുണ്ടാക്കില്ല. എസ്പി നേതൃത്വം നൽകുന്ന സഖ്യത്തിലേക്ക് ചാഞ്ഞു നിൽക്കുകയാണ് ന്യൂനപക്ഷങ്ങൾ. ബിഎസ്പി എസ്.സി അടക്കമുള്ള പിന്നാക്ക സമുദായങ്ങളിലെ വോട്ടുകൾ വിഭജിപ്പിക്കും. അത് ബിജെപിക്ക് ഗുണം ചെയ്യും.'- ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. ജാട്ട്, യാദവ വോട്ടർമാർക്ക് സ്വാധീനമുള്ള 150 ലേറെ നിയമസഭാ മണ്ഡലങ്ങളിൽ എസ്പി-ആർഎൽഡി സഖ്യം ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തും. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി റാലികൾ നടത്തിയ പ്രദേശങ്ങളിൽ പാർട്ടിക്ക് പ്രതീക്ഷയുണ്ട്. ആദ്യ മൂന്നു ഘട്ട തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ പ്രതീക്ഷകളില്ല. രണ്ടാം ഘട്ടം എസ്പിയുടെ ഘട്ടമായിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾ മാരത്തൺ ചർച്ചകളിലൂടെ പരമ്പരാഗത വോട്ടുകൾ ഉറപ്പാക്കാൻ ശ്രമം നടത്തുന്നുണ്ട്- പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി.

Post a Comment

Previous Post Next Post