രാജ്യത്തെ ഓണ്‍ലൈന്‍ വില്‍പന മേഖലയെ അടക്കി വാഴുന്ന കമ്പനികളായ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും കുത്തക തകര്‍ക്കാന്‍ സർക്കാർ തന്നെ മുന്‍കൈ എടുത്തേക്കും. സർക്കാർ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) ആയിരിക്കും ഇതിനായി പ്രയോജനപ്പെടുത്തുക. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ വ്യാപാര കുത്തകള്‍ അടക്കി വാണു തുടങ്ങിയതോടെ പരമ്പരാഗത കടകള്‍ പൂട്ടിപ്പോകേണ്ടി വന്നു. ഇന്ത്യയില്‍ അത് ഒഴിവാക്കാനായി രാജ്യത്തെമ്പാടുമുള്ള ചെറിയ കടകളെക്കൂടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെത്തിക്കാനായിരിക്കും സർക്കാർ ശ്രമിക്കുക എന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ്, ടാറ്റാ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളും ഇന്ത്യന്‍ ഓണ്‍ലൈന്‍ വില്‍പന മേഖലയിലേക്ക് ഇറങ്ങാന്‍ ഒരുങ്ങുകയാണ്.
∙ ചെറുകിട കച്ചവടക്കാര്‍ക്കും ഓണ്‍ലൈന്‍ വേദിയൊരുക്കും
നിലവില്‍ ഏകദേശം 700 ദശലക്ഷം ഡോളറാണ് പ്രതിവര്‍ഷ ഓണ്‍ലൈല്‍ വില്‍പന. ഇത് 2025 ആകുമ്പോഴേക്ക് 5.5 ബില്ല്യന്‍ ഡോളര്‍ ആകുമെന്നാണ് വിശകലന കമ്പനിയായ റെഡ്‌സീര്‍ വിലയിരുത്തലെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. രാജ്യത്തെ ആഭ്യന്തര വില്‍പനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനായി ഉണ്ടാക്കിയ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആണ് ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും എതിരെയുള്ള നീക്കത്തിനു ചുക്കാന്‍പിടിക്കുക. രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ കൂടി ഡിജിറ്റല്‍ വഴി വില്‍പന തുടങ്ങിയാല്‍ അത് വന്‍ വിപ്ലവത്തിനു വഴിവച്ചേക്കാം. ഇന്ത്യന്‍ ഇകൊമേഴ്‌സിനെ ജനാധിപത്യവല്‍ക്കരിക്കുക എന്ന ദൗത്യമായിരിക്കും ഒഎന്‍ഡിസിക്ക് ഉള്ളതെന്ന് സേര്‍ജ് ആന്‍ഡ് സെക്യുഒയ ക്യാപ്പിറ്റല്‍ ഇന്ത്യയുടെ എംഡി രാജന്‍ ആനന്ദന്‍ പറഞ്ഞു.
∙ ഇകൊമേഴ്‌സ് അടുത്ത ഘട്ടത്തിലേക്ക്
രാജ്യത്തെ അടുത്ത തലമുറയിലെ ഇകൊമേഴ്‌സിന് നേതൃത്വം നല്‍കാന്‍ പുതിയ കമ്പനികള്‍ എത്തിയേക്കാം. ഇന്ത്യയിലെ ആദ്യ ഘട്ട ഇകൊമേഴ്‌സ് വ്യാപനത്തിനു മുന്നില്‍ നിന്നത് ഫ്‌ളിപ്കാര്‍ട്ടും ആമസോണും ആണ്. ഇവയെ തിരശ്ചീന കമ്പനികളായി കാണുന്നു. രണ്ടാം ഘട്ടത്തില്‍ ന്യകാ (Nykaa), ലെന്‍സ്‌കാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ ഉയര്‍ന്നുവരുന്നതിന് രാജ്യം സാക്ഷ്യംവഹിച്ചു. ഇവയെ ലംബമായ രീതിയില്‍ കച്ചവടം നടത്തുന്ന കമ്പനികളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ ഡീല്‍ഷെയര്‍ തുടങ്ങിയ കമ്പനികള്‍ തലയുയര്‍ത്തി. അടുത്തഘട്ടത്തിലായിരിക്കും ശരിക്കുള്ള മാറ്റം കാണാന്‍ പോകുന്നത്. നിലവില്‍ ഏകദേശം 150 ദശലക്ഷം പേരാണ് ഓണ്‍ലൈന്‍ മേഖല പ്രയോജനപ്പെടുത്തുന്നത്. അടുത്ത ഘട്ടത്തില്‍ അത് 500 ദശലക്ഷമായി ഉയരുമെന്ന് രാജന്‍ പ്രവചിക്കുന്നു.
∙ എന്താണ് ഒഎന്‍ഡിസിയുടെ റോള്‍?
ഇപ്പോഴത്തെ ഓണ്‍ലൈന്‍ മേഖല കെട്ടിപ്പെടുക്കാന്‍ ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും ഏകദേശം 8-9 വര്‍ഷം വേണ്ടിവന്നു. ഒഎന്‍ഡിസിയുടെ കരുത്തില്‍ അടുത്തഘട്ട ഓണ്‍ലൈന്‍ വില്‍പനയുടെ വ്യാപനം അതിന്റെ പകുതി സമയം കൊണ്ട് സാധ്യാക്കാനായേക്കും. കാരണം ഇത്തരം ഒരു ബിസിനസ് വിജയിപ്പിക്കണമെങ്കില്‍ എന്തെല്ലാമാണ് വേണ്ടതെന്ന കാര്യത്തെക്കുറിച്ച് ഇന്ന് കൂടുതല്‍ വ്യക്തതയുണ്ട്. പ്രാദേശികമായി ചെറുകിട കടക്കാര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വേദി ഒരുക്കുകയായിരിക്കും ഒഎന്‍ഡിസി ചെയ്യുക. ഇത് ഈ മേഖലയെ കൂടുതല്‍ ജനാധിപത്യപരമാക്കുമെന്നു കരുതുന്നു. രാജ്യത്ത് ഇപ്പോള്‍ ഏകദേശം 12 ദശലക്ഷം ചെറുകിട (കിരാന) കടകളുണ്ടെന്നാണ് കരുതുന്നത്. ഇവയില്‍ ചെറിയൊരു വിഭാഗം മാത്രമാണ് ഓണ്‍ലൈന്‍ വഴി സ്‌റ്റോക്ക് വാങ്ങുകയോ, അവ വിറ്റഴിക്കുകയോ ചെയ്യുന്നത്. കിരാന കടക്കാരില്‍ വലിയൊരു പങ്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ധാരാളമായി ഉപയോഗിച്ചു തുടങ്ങുന്നതോടെ ഇകൊമേഴ്‌സ് മേഖലയില്‍ വന്‍ പൊളിച്ചെഴുത്തു നടക്കുമെന്നാണ് പ്രതീക്ഷ.
∙ ഉദ്ദേശങ്ങള്‍ നല്ലത്, പക്ഷേ...
ഇത്തരം ഒരു പൊളിച്ചെഴുത്തിന് നേതൃത്വം നല്‍കുന്നതൊക്കെ നല്ലതു തന്നെയാണ്. പക്ഷേ, വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചു മാത്രമായിരിക്കണം മുന്നോട്ടു പോകുന്നതെന്ന് ഉറപ്പാക്കണമെന്ന് പാര്‍ട്ണര്‍-കണ്‍സള്‍ട്ടിങ് കമ്പനിയുടെ അമര്‍ ശങ്കര്‍ മുന്നറിയിപ്പു നല്‍കുന്നു. പുതിയ സംവിധാനം പ്രവര്‍ത്തനം തുടങ്ങിയാല്‍ വന്‍തോതില്‍ ഡേറ്റാ ഉത്പാദിപ്പിക്കപ്പെടാം. ഈ സംവിധാനത്തില്‍ ഉപയോക്താവിന്റെ സ്വകാര്യത നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനങ്ങളും നടപ്പാക്കണം. വളരെ ശ്രദ്ധിച്ചു മാത്രമായിരിക്കണം ഇത്തരം നീക്കങ്ങള്‍ നടത്തേണ്ടതെന്ന് അദ്ദേഹം പറയുന്നു.
∙ റഷ്യയുടെ കാസ്പര്‍സ്‌കി കമ്പനി ദേശ സുരക്ഷയ്ക്ക് ഭീഷണിയെന്ന്
റഷ്യന്‍ ആന്റിവൈറസ് കമ്പനിയായ കാസ്പര്‍സ്‌കിയെ അമേരിക്കയുടെ എഫ്‌സിസി ദേശ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന കമ്പനികളുടെ പട്ടികയില്‍ പെടുത്തി. കഴിഞ്ഞ വര്‍ഷം എഫ്‌സിസി, വാവെയ്, സെഡ്ടിഇ എന്നിവ അടക്കം അഞ്ച് ചൈനീസ് കമ്പനികളെ ഈ വിഭാഗത്തില്‍പെടുത്തിയിരുന്നു. ഒരുതരം ചാരപ്രവര്‍ത്തനവും നടത്തുന്നില്ലെന്നും എഫ്‌സിസിയുടെ തീരുമാനത്തില്‍ നിരാശരാണെന്നും കാസ്പര്‍സ്‌കി അധികൃതര്‍ പ്രതികരിച്ചു. രാജ്യം ഉടന റഷ്യയില്‍ നിന്ന് ഒരു കനത്ത സൈബര്‍ ആക്രമണം നേരിട്ടേക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടുത്തിടെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വേണം എഫ്‌സിസിയുടെ പുതിയ തീരുമാനത്തെ കാണാന്‍.
∙ റഷ്യയിലെ സേവനം തത്കാലം നിർത്തുന്നവെന്ന് സ്‌പോട്ടിഫൈ
റഷ്യയിലെ പ്രവർത്തനം തത്കാലം നിർത്തുകയാണെന്ന് സംഗീത സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ അറിയിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെ യുക്രെയ്‌നിനെതിരെ ആക്രമണം നടത്തിയ റഷ്യയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് സ്‌പോട്ടിഫൈയുടെ തീരുമാനം.