വൻതുക ശമ്ബളമുള്ള ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയത് 22-ാം വയസിൽ; മിനി സ്കർട്ടിനെതിരെ പ്രതിഷേധിച്ച് എയർ ഇന്ത്യയെ മുട്ടുകുത്തിച്ച് തുടങ്ങിയ സമരജീവിതം; ബാബ രാംദേവിന്റെ മരുന്നുകളിൽ മനുഷ്യന്റെ അസ്ഥികൾ ഉണ്ടെന്ന കണ്ടെത്തൽ; ജഹാംഗീർപുരിയിൽ ബുൾഡോസറുകൾക്ക് മുമ്ബിൽ നിന്ന് അക്രമം തടഞ്ഞ് ഇപ്പോഴും തുടരുന്ന സമരവീര്യം; ബൃന്ദ കാരാട്ട് എന്ന പെൺപുലിയുടെ ചരിത്രം ഇങ്ങനെ..

ഇരുപത്തിരണ്ടാം വയസില്‍ വന്‍ തുക ശമ്ബളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച്‌ രാഷ്ട്രീയത്തിറങ്ങി. എയര്‍ ഇന്ത്യയെ മുട്ടുകുത്തിച്ച്‌ ആരംഭിച്ച സമരജീവിതം ഇപ്പോഴും തുടരുന്ന എഴുപത്തിനാലുകാരി.
ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ കയറി നിന്ന് ഒറ്റ ദിവസം കൊണ്ട് താരമായി മാറിയ ബൃന്ദാ കാരാട്ട്. സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടും, ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച്‌ വീടുകളും കടകളും തകര്‍ക്കുന്നതിനിടെ അവര്‍ ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു. സുപ്രീംകോടതിയുടെ സ്റ്റേ ഓര്‍ഡറും ഉയര്‍ത്തിപ്പിടിച്ചുവന്ന അവര്‍ ബുള്‍ഡോസറുകള്‍ തടഞ്ഞു. അധികൃതര്‍ക്ക് സ്റ്റേ ഓര്‍ഡര്‍ കൈമാറി. രണ്ട് മണിക്കൂര്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ബൃന്ദയുടെ ആവശ്യം അംഗീകരിച്ച്‌ അധികൃതര്‍ക്ക് മടങ്ങേണ്ടിവന്നത്.
ഒറ്റ ദിവസം കൊണ്ട് അവര്‍ സമര നായികയായി മാറിയെന്നാണ് പലരും ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഈ സിപിഎം നേതാവിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും ഇതൊന്നും അവര്‍ക്ക് ഒരു പുത്തരിയല്ലെന്ന്. ഒരു പെണ്‍പുലി തന്നെയായ ഇവര്‍ക്ക് മുന്നില്‍ ഒരുപാട് കൊമ്ബന്മാര്‍ മുട്ടുകുത്തിയിട്ടുണ്ടെന്നത് ചരിത്രം.

പഞ്ചാബിയായ പിതാവും ബംഗാളിയായ അമ്മയും മലയാളിയായ ജീവിത പങ്കാളിയും

1947 ഒക്ടോബര്‍ 17ന് കൊല്‍ക്കത്തയിലാണ് ബൃന്ദ കാരാട്ട് ജനിക്കുന്നത്. പിതാവ് പഞ്ചാബിയായിരുന്നു. സൂരജ് ലാല്‍ ദാസ് എന്നാണ് അച്ഛന്റെ പേര്. ബംഗാളിയായിരുന്നു അമ്മ. ബൃന്ദയ്ക്ക് അഞ്ചാം വയസ്സായപ്പോഴേക്കും അമ്മ ഒഷ്റുകോന മിത്ര മരിച്ചു. ഒരു സഹോദരനും മൂന്ന് സഹോദരികളുമുണ്ട്. അമ്മയുടെ മരണശേഷം ബൃന്ദയുടെ അച്ഛന്‍ രണ്ടാം വിവാഹം ചെയ്തതും ഒരു മലയാളിയെയാണ്.

"'എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്, 1953ല്‍. അച്ഛന്‍ വീണ്ടും വിവാഹിതനായി, 1960ല്‍. വധു അന്ന് കൊല്‍ക്കത്തയിലുണ്ടായിരുന്ന കോട്ടയംകാരി സുശീല കുരുവിള. രാജ്യത്തിന്റെ ആദ്യ ധനകാര്യമന്ത്രി ജോണ്‍ മത്തായിയുടെ മകന്‍ ദുലീപിന്റെ ആദ്യ ഭാര്യയായിരുന്നു സുശീല. അവര്‍ വിവാഹബന്ധം വേര്‍പെടുത്തി ഏതാനും വര്‍ഷം കഴിഞ്ഞ് സുശീല എന്റെ അച്ഛനെ വിവാഹം ചെയ്തു. അവര്‍ തമ്മില്‍ 20 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. ഞാന്‍ കുട്ടിയായിരിക്കുമ്ബോള്‍ എത്രയോ തവണ അവര്‍ക്കൊപ്പം കോട്ടയത്തു വന്നിരിക്കുന്നു. സുശീലയുടെ അമ്മയെ അമ്മച്ചിയെന്നും അച്ഛനെ അപ്പച്ചിയെന്നുമാണ് ഞാന്‍ വിളിച്ചിരുന്നത്. നിറയെ റബറൊക്കെയുള്ള വീടാണ്. സുറിയാനി ക്രിസ്ത്യാനികള്‍.

സുശീലയുടെ ആദ്യ വിവാഹത്തിലെ മകനും ഞങ്ങള്‍ക്കൊപ്പമാണു വളര്‍ന്നത്. സുശീല ഏതാനും വര്‍ഷം മുന്‍പ് മരിച്ചു, കൂനൂരില്‍വച്ച്‌. കേരളത്തിലെ പ്രസംഗങ്ങളില്‍ മലയാളപദങ്ങള്‍ പ്രയോഗിക്കുന്നതിന്റെ രഹസ്യം കോട്ടയത്തെ ബാല്യകാലദിവസങ്ങളാണ്. 'എനിക്കു മലയാളം പറയാന്‍ അറിയില്ല. കേട്ടാല്‍ മനസ്സിലാവും. പ്രകാശിന്റെ അമ്മ ജീവിച്ചിരുന്നെങ്കില്‍ താന്‍ മലയാളം പഠിക്കുമായിരുന്നു'- ബൃന്ദ കാരാട്ട് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

എയര്‍ ഇന്ത്യയെ മുട്ടുകുത്തിച്ചുതുടങ്ങിയ സമര ജീവിതം

ലണ്ടനിലെ നാടക സ്‌കൂളുകളായ റാഡയിലോ ലാംഡയിലോ പഠിക്കണമെനായിരുന്നു ബൃന്ദയുടെ മോഹം. എന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന അച്ഛന്റെ വാക്ക് കേട്ട് എയര്‍ ഇന്ത്യയില്‍ ജോലിക്കെത്തി. ആദ്യം കൊല്‍ക്കത്തയിലും പിന്നീട് ലണ്ടനിലും ജോലി. ജോലിക്കൊപ്പം നാടകം പഠിക്കാന്‍ സായാഹ്ന കോഴ്‌സുകള്‍ക്കും ചേര്‍ന്നു. ആ ഇടയ്ക്കാണ് ബൃന്ദയുടെ ജീവിതത്തിലെ ആദ്യ സമരം.

വനിതാ ജീവനക്കാര്‍ നിര്‍ബന്ധമായും മിനി സ്‌കര്‍ട്ട് ധരിക്കണം എന്ന നിയമത്തെ അവര്‍ എതിര്‍ത്തു.മിനി സ്‌കര്‍ട്ട് യൂനിഫോം നിയമത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു. ഒടുവില്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് ഡ്രസ് കോഡ് ഭേദഗതി ചെയ്തു. വനിതാ ജീവനക്കാര്‍ക്ക് സാരിയും സ്‌കര്‍ട്ടും തിരഞ്ഞെടുക്കാന്‍ അനുമതി കിട്ടി. ബൃന്ദ നടത്തിയ ആദ്യത്തെ സമരം അതായിരുന്നു. "സാരിക്കുവേണ്ടിയുള്ള സമരമായിരുന്നില്ല അത്. വേഷം അടിച്ചേല്‍പ്പിക്കുമെന്ന് ധാര്‍ഷ്ട്യത്തിന് എതിരെയായിരുന്നു. ആ സമരം പിന്നീട് സമാനമായ വിഷയങ്ങളില്‍ ഇടപെടുന്നവര്‍ക്ക് ഊര്‍ജ്ജമായി"- ബൃന്ദ പിന്നീട് പറഞ്ഞു.

ലണ്ടനില്‍വച്ചാണ് വൃന്ദ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെക്കുറിച്ചു മനസ്സിലാക്കുന്നതും സിപിഎമ്മില്‍ ചേരാന്‍ തീരുമാനിക്കുന്നതുമൊക്കെ. അതേ കാലത്താണ് വെലംസ് സ്‌കൂളിലെ സഹപാഠി സുഭാഷിണി അലി ലണ്ടന്‍വഴി നാട്ടിലേക്കു മടങ്ങുന്നത്. ലണ്ടനിലെ ഒരു റസ്റ്ററന്റില്‍ കണ്ടുമുട്ടുകയും കമ്യൂണിസ്റ്റാവാന്‍ തീരുമാനിച്ചുവെന്നു രണ്ടു പേരും പരസ്പരം പറയുകയുമായിരുന്നു. വൈകാതെ വൃന്ദ കൊല്‍ക്കത്തയിലെത്തി. സുഭാഷിണിയുടെ പരിചയക്കാരനായ ഒരു സഖാവിലൂടെയാണ് ഞാന്‍ ബിമന്‍ ബോസിനെ പരിചയപ്പെട്ട് പാര്‍ട്ടിയിലേക്കു കടക്കുന്നത്. വൃന്ദയ്ക്കുശേഷം സുഭാഷിണിയും പൊളിറ്റ് ബ്യൂറോ അംഗമായി. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെയും മുന്‍ സിപിഎം സെക്രട്ടറി സുന്ദരയയ്യുടെയുമൊക്കെ പിന്തുണ അവള്‍ക്ക് ഉണ്ടായിരുന്നു.
ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് സിപിഎം നേതാവ് പ്രകാശ് കാരാട്ടുമായി ബൃന്ദ പ്രണയത്തില്‍ ആവുന്നത്. അന്ന് എകെജിയുടെ സെക്രട്ടറിയായിരുന്നു പ്രകാശ്. അതേക്കുറിച്ച്‌ ബൃന്ദ പിന്നീട് ഇങ്ങനെ പറഞ്ഞു.-"പാര്‍ട്ടിയിലായിരിക്കെയാണു ഞാന്‍ പ്രകാശുമായി പ്രണയത്തിലാവുന്നത്. എന്റെ ജീവിത്തിലെ ഏറ്റവും പ്രധാന സംഗതി പാര്‍ട്ടിയാണ്. അതിന്റെ ഭാഗമല്ലാത്ത ഒരാളെ വിവാഹം ചെയ്യുക ആലോചിക്കാനാവില്ല. അടിസ്ഥാന ആശയഗതികള്‍ യോജിക്കാത്തവര്‍ എങ്ങനെ ഒത്തുപോകും?"- അവര്‍ പറയുന്നു. "പരസ്പരം രക്തഹാരം അണിയിക്കുംമുന്‍പ് ഞങ്ങള്‍ രണ്ടു പേരും ഓരോ പ്രതിജ്ഞ എഴുതിത്ത്ത്ത്ത്തയാറാക്കിയിരുന്നു. പരസ്പരം ആലോചിക്കാതെ, പരസ്പരം കാണിക്കാതെ. ഞങ്ങളതു വായിച്ചു. കേട്ടവര്‍ക്കു വിശ്വസിക്കാനായില്ല, രണ്ടു പ്രതിജ്ഞകളുടെയും സത്ത ഏതാണ്ട് ഒന്നുതന്നെ. ഞങ്ങളുടെ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പങ്കാളിത്തം എപ്പോഴും ഞങ്ങളുടെ പ്രവര്‍ത്തനത്തെയും വിപ്ലവാഭിമുഖ്യത്തെയും ശക്തിപ്പെടുത്തണമെന്ന്". ബൃന്ദ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബാബ രാംദേവിന്റെ മരുന്നുകളില്‍ മനുഷ്യന്റെ അസ്ഥി

ബാബ രാംദേവിന്റെ ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിക്കെതിരെ ബൃന്ദ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 2005ല്‍ കമ്ബനി തയ്യാറാക്കിയ മരുന്നുകളില്‍ മൃഗങ്ങളുടെ ഭാഗങ്ങളും മനുഷ്യന്റെ അസ്ഥികളുമുണ്ടെന്ന് അവര്‍ തെളിയിച്ചു. 2006ന്റെ തുടക്കത്തില്‍, ബാബ രാംദേവിന്റെ കമ്ബനി ലൈസന്‍സിംഗും ലേബലിങ് വ്യവസ്ഥകളും ലംഘിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കണ്ടെത്തിയതായി അവര്‍ അവകാശപ്പെട്ടു. ഇതിന് പിന്നാലെ ബാബ രാംദേവിന്റെ കമ്ബനിയുടെ ശോഭ കെട്ടുപോയിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടുവുണ്ടായ കമ്ബനി ഇപ്പോള്‍ മോഡി സര്‍ക്കാരിന്റെ കാലത്താണ് വീണ്ടും ഉയര്‍ത്തെഴുനേല്‍ക്കുന്നത്.

തമിഴ്‌നാട്ടിലെ ജാതിമതിലുകള്‍

തമിഴ്‌നാട്ടിലെ ജാതി മതിലുകള്‍ തകര്‍ത്തെറിഞ്ഞതിന് പിന്നിലും ഈ സിപിഎം നേതാവായിരുന്നു. മധുര ഗ്രാമത്തില്‍ സന്ദര്‍ശനത്തിനായി എത്തിയ ബൃന്ദയെ പ്രശ്‌നമുണ്ടാക്കുമെന്ന് പറഞ്ഞ് ഭരണകൂടം വഴിയില്‍ തടയുകയും ഗ്രാമത്തില്‍ മീറ്റിംഗുകള്‍ നടത്താന്‍ അനുമതി നിഷേധിക്കുകയും ചെയ്തു.

ഇതോടെ റോഡില്‍ കുത്തിയിരുന്ന് അവര്‍ പ്രതിഷേധിക്കുകയും ഒടുവില്‍ പൊലീസ് വഴങ്ങുകയും അവരെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. 2006 ലായിരുന്നു അത് ഇതോടെയാണ് തമിഴ്‌നാട്ടിലെ ജാതിമതിലുകള്‍ ശ്രദ്ധിക്കപെട്ടുന്നത്. തുടര്‍ന്ന് നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയും പിന്നീട് അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നു പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ ജാതിമതിലുകള്‍ തകര്‍ക്കുകയുമായിരുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുമ്ബിലും സധൈര്യം നിന്ന ചരിത്രമുണ്ട് ബൃന്ദ കാരാട്ടിന്. ബലാത്സംഗത്തിന് ഇരയായ പരാതിക്കാരിയെ വിവാഹം കഴിക്കുമോ എന്ന് ചോദിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ബൃന്ദ കത്തയച്ചു. പരാമര്‍ശം തിരുത്തണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പ്രതിയോട്, 'നിങ്ങള്‍ അവളെ വിവാഹം കഴിക്കാന്‍ തയ്യാറാണോ?' എന്ന് ചോദിച്ചിരുന്നു. ഇതിനെതിരെയാണ് അവര്‍ മുമ്ബോട്ട് വന്നത്.

'പെണ്‍കുട്ടിക്ക് പതിനാറ് വയസ്സുള്ളപ്പോള്‍ ഈ ക്രിമിനല്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. അവന്‍ തന്റെ കുറ്റകൃത്യം 10-12 തവണ ആവര്‍ത്തിച്ചു. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇത് വിവാഹം കഴിക്കാന്‍ സമ്മതം കാണിക്കുന്നുണ്ടോ?. എന്തായാലും, ഈ പെണ്‍കുട്ടിയെപ്പോലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കാര്യത്തില്‍, സമ്മതത്തിന്റെ പ്രശ്നമില്ലെന്ന് നിയമം വ്യക്തമാണ്. ഇത്തരം ചോദ്യങ്ങള്‍ ഇരകളുടെ മനസ്സില്‍ ഉണ്ടാക്കുന്ന സ്വാധീനം കണക്കിലെടുത്ത് തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ബോബ്‌ഡെയോട് അവര്‍ ആവശ്യപ്പെട്ടു. 'ദയവായി ഈ അഭിപ്രായങ്ങളും ചോദ്യങ്ങളും പുനഃപരിശോധിക്കുകയും പിന്‍വലിക്കുകയും ചെയ്യുക' - ബൃന്ദ കാരാട്ട് തന്റെ കത്തില്‍ പറഞ്ഞു

2021 ജൂലൈയില്‍, ഝാര്‍ഖണ്ഡിലെ ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തെത്തുടര്‍ന്ന് വൃന്ദ കാരാട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിനെതിരെ കാമ്ബയിന്‍ ആരംഭിച്ചു.എല്‍ഗാര്‍ പരിഷത്ത്-മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച കേസിലാണ് സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തത്. യു.എ.പി.എ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2020 ഒക്ടോബറില്‍ റാഞ്ചിക്കടുത്തുള്ള നാംകൂമിലെ ബഗൈച്ച വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തതു മുതല്‍ തലോജ സെന്‍ട്രല്‍ ജയിലിലായിരുന്നു.

ആരോഗ്യപ്രശ്നങ്ങളും ജയിലിലെ മോശം മെഡിക്കല്‍ സൗകര്യങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷയെ എന്‍.ഐ.എ ആവര്‍ത്തിച്ച്‌ എതിര്‍ത്തിരുന്നു. മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ 2021 ജൂലൈ അഞ്ചിന് സ്റ്റാന്‍ സ്വാമി മരണത്തിന് കീഴടങ്ങുകയായിരുന്നു.


Post a Comment

Previous Post Next Post