പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ എന്ന ചിത്രത്തിലൂടെ ലോകസിനിമയുടെ നെറുകയിലേക്ക് ഉയര്‍ന്ന നടനാണ് ഹോളിവുഡ് താരം ജോണി ഡെപ്പ്. സിനിമാ ജീവിതത്തെ വെല്ലുന്നതാണ് ജോണി ഡെപ്പിന്റെ വ്യക്തി ജീവിതം. മുന്‍ ഭാര്യ ആംബര്‍ ഹേഡുമായുള്ള കേസാണ് ജോണി ഡെപ്പിനെ വീണ്ടും വാര്‍ത്തകളിലേക്ക് എത്തിച്ചത്. ജോണി ഡെപ്പിനെതിരെ ആരോപണവുമായി ആംബര്‍ എത്തുകയും ഇതിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതുമൊക്കെയാണ് സംഭവം. കഴിഞ്ഞ ദിവസം വിചാരണക്കിടെ ആംബറിനെതിരെ ജോണി ഡെപ്പ് ഗുരുതര ആരോപണം ഉന്നയിച്ചതും കോടതിയിലുണ്ടായ സംഭവങ്ങളുമെല്ലാം വാര്‍ത്തായായിരുന്നു. സംഭവ ബഹുലമാണ് ഹോളിവുഡിലെ ഈ സൂപ്പര്‍ താരത്തിന്റെ ജീവിതം.
ഗിറ്റാറുകളോടും വീടുകളോടുമെല്ലാം ഏറെ കമ്പമുണ്ട് താരത്തിന്. ഏകദേശം 70 ഗിറ്റാറുകളാണ് താരത്തിനുള്ളത്. പതിനാല് വീടുകളും നിരവധി ദ്വീപുകളും ഒരു ഫ്രഞ്ച് ഗ്രാമവും ജോണി ഡെപ്പിന് സ്വന്തമായി ഉണ്ട്. ഏകദേശം 20 ലക്ഷം ഡോളര്‍ (150 കോടി ഇന്ത്യന്‍ രൂപ)ആണ് ജോണി ഡെപ്പിന്റെ മാസച്ചെലവ്. വൈനിനോട് പ്രത്യേക താത്പര്യമുള്ള ജോണി ഡെപ്പ് അത് വാങ്ങുന്നതിനും കണക്കില്ലാതെ പണം ചെലവാക്കും. 30,000 േഡോളര്‍ (ഏകദേശം 20 ലക്ഷം ഇന്ത്യന്‍ രൂപ) ഇതിനായി ചെലവഴിക്കാറുണ്ടെന്നാണ് വിവരം. സ്വകാര്യ ജെറ്റുകള്‍ക്ക് 2 ലക്ഷം ഡോളറും സുരക്ഷ ഒരുക്കുന്നതിന് 1.5 ലക്ഷം ഡോളറും ചെലവഴിക്കും. യാതൊരു നിയന്ത്രണവുമില്ലാത്തതാണ് ജോണി ഡെപ്പിന്റെ ജീവിതമെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. ആഡംബര ജീവിതമാണെങ്കിലും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തുക മാറ്റിവയ്ക്കാന്‍ ജോണി ഡെപ്പ് ശ്രമിക്കാറുണ്ട്. ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ലോസ് ആഞ്ചല്‍സ്, വാര്‍ ചൈല്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി ഫൗണ്ടേഷനുകള്‍ക്ക് താരം പത്ത് ലക്ഷം ഡോളറിലധികം നല്‍കി.
പല വരുമാന സ്രോതസുകളാണ് ജോണി ഡെപ്പിനുള്ളത്. ഏത് സിനിമയിലെ അഭിനയത്തിനും 20 ലക്ഷം ഡോളര്‍ പ്രതിഫലമായി ലഭിക്കും. ഇത് കൂടാതെ ബോക്‌സ് ഓഫിസ് വരുമാനത്തിന്റെ 20 ശതമാനം ബാക്ക് എന്‍ഡ് റോയല്‍റ്റി ഇനത്തില്‍ ലഭിക്കും. ഇത് കൂടാതെ നിര്‍മാണത്തിലൂടെയും പണം സമ്പാദിച്ചു.
ജോണി ഡെപ്പിനെ സംബന്ധിച്ചിടത്തോളം സിനിമാ ജീവിതം പോലെ എളുപ്പമായിരുന്നില്ല വ്യക്തി ജീവിതം. 1983 ല്‍ ലോറി ആന്‍ ആലിസണിനെയാണ് ജോണി ഡെപ്പ് ആദ്യം ജീവിത സഖിയാക്കിയത്. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. 1985 ല്‍ ആ ബന്ധം വേര്‍പെടുത്തി. ആംബര്‍ ഹേഡിനെ ജോണി ഡെപ്പ് വിവാഹം കഴിക്കുന്നത് 2015ലാണ്. രണ്ട് വര്‍ഷത്തിന് ശേഷം 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. നാളുകള്‍ക്ക് ശേഷം ഇപ്പോഴാണ് ഇരുവരും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
Tags
Hollywood