‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മുഖത്ത് വിരിയുന്ന ഒരു ചിരിയുണ്ട്. അതിൽ തെളിയുന്നത് അറ്റ്‌ലസ് രാമചന്ദ്രനെന്ന നിഷ്‌കളങ്ക മനുഷ്യനാണ്. അദ്ദേഹം മരണപ്പെട്ടുവെന്ന വാർത്ത മലയാളികള്‍ വളരെ ഞെട്ടലോടെയാണ് കേട്ടത്. ഞായറാഴ്ച്ച രാത്രി ഒൻപത് മണിയോടെ ഹൃദയാഘാതത്തെ തുടർന്നാണ് ദുബായിലെ ആംസ്റ്റർ മൻഖൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം മരണപ്പെട്ടത്. 80 വയസായിരുന്നു. ഇദ്ദേഹത്തെ അറിയാത്ത മലയാളികളായി ആരും തന്നെയുണ്ടാവില്ല. ചില സിനിമകളിലും അറ്റ്‌ലസ് ജൂവലറിയുടെ പരസ്യത്തിലും ഇദ്ദേഹത്തെ എല്ലാവരും കണ്ടിട്ടുണ്ട്. കൂടാതെ വൈശാലി,സുകൃതം,ധനം തുടങ്ങിയ സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ബിസിനസിന് പുറമേ ജീവിതം കല, സാംസ്‌കാരിക മേഖലകളിലെല്ലാം തന്റെ സാന്നിധ്യം തെളിയിച്ച കലാകാരനായിരുന്നു എം.എം രാമചന്ദ്രൻ എന്ന അറ്റ്‌ലസ് രാമചന്ദ്രൻ. ലോകത്താകമാനം 50 ജൂവലറി ഷോറൂമുകളുണ്ടായിരുന്ന ഇദ്ദേഹം ഏവർക്കും സ്വീകാര്യനായിരുന്നു.
സാധാരണ ഒരു പ്രവാസിയായി ബാങ്ക് ജോലിക്കായി കുവൈറ്റിലേയ്ക്ക് ചെക്കേറിയ രാമചന്ദ്രൻ പിന്നീടാണ് ജൂവലറി മേഖലയിലേയ്ക്ക് എത്തിപ്പെട്ടത്. വിതച്ചതെല്ലാം നൂറൂമേനി വിജയം കൊയ്യുന്ന ഇദ്ദേഹം മറ്റ് ജൂവലറി ബിസിനസ്‌കാർക്കിടയിൽ ഒരു കരടായി മാറിയിരുന്നു. അങ്ങനെ വിജയത്തിന്റെ പരമോന്നതിയിൽ നിൽക്കുമ്പോഴാണ് അദ്ദേഹം തോൽവിയുടെ പടു കുഴിയിലേയ്ക്ക് വീഴുന്നത്. ഒരു ദിവസം കൊണ്ടാണ് അദ്ദേഹത്തിന്റെ ജീവിതം മാറി മറിഞ്ഞത്. ദുബായിലെ അന്നത്തെ നിയമമനുസരിച്ച് ഒരു ദിവസത്തേക്കാണെങ്കിൽ പോലും ചെക്ക് മടങ്ങിയാൽ അത് ക്രിമിനൽ കുറ്റമായിരുന്നുവെന്നും അന്നത്തെ ദിവസം സെറ്റിലു ചെയ്യാനുള്ള കാശ് തന്റെ പക്കലില്ലാതെ പോയതാണ് താൻ ജയിലിലാവാൻ കാരണമെന്നും കുറച്ച് സമയം അതിനായി തനിക്ക് കിട്ടുമായിരുന്നുവെങ്കിൽ തന്റെ പതനം ഉണ്ടാവില്ലായിരുന്നുവെന്നും
അദ്ദേഹം പറയുന്നു.
തന്റെ നിഷ്‌കളങ്കതയും സത്യസന്ധതയും ബിസിനസിന് പറ്റിയതായിരുന്നില്ലെന്നും കുറച്ച് കൂടി ബിസിനസിലും കൂടെയുള്ളവരെയും ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്തരം അപകടം തനിക്കുണ്ടാകുമായിരുന്നില്ലായെന്നും അദ്ദേഹം പറയുന്നു. അറ്റ്‌ലസ് എന്ന ബ്രാൻഡിനെപ്പോലും തച്ചുടച്ചത് താൻ വിശ്വസിച്ച് കൂടെകൂട്ടിയിരുന്ന ആളുകൾ ആയിരുന്നുവെന്നും താൻ ജയിലിലായിരുന്നപ്പോൾ തനിക്കുണ്ടായിരുന്ന സ്വത്തുക്കളും ജൂവലറികളിൽ ഉണ്ടായിരുന്ന ഭൂരിഭാഗവും സ്വർണ്ണവും ഡയമൺസുമെല്ലാം താൻ ജയിലിലായിരുന്ന സമയത്ത് അവർ കൈക്കലാക്കിയെന്നും അദ്ദേഹം പറയുന്നു.
3 വർഷങ്ങൾക്കിപ്പുറം ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ വളരെ കഷ്ട്ടപ്പെട്ട് താനുണ്ടാക്കിയെടുത്ത സൽപ്പേരും തന്റെ ബിസിനസ് സാമ്രാജ്യവുമെല്ലാം തകർന്നടിഞ്ഞു. താൻ ജയിലിലായിരുന്നപ്പോൾ ആരും തന്നെ സഹായിച്ചിരുന്നില്ല. മകന്‍
ബിസിനസ് മേഖലയിൽ അവർ ഇല്ലാതിരുന്നതിനാൽ തനിക്ക് ഇത്തരം വലിയ ദുരന്തം ഉണ്ടായിരുന്നപ്പോൾ പോലും ഇടപെട്ടിരുന്നില്ല. മകൾ കൂടെ ഉണ്ടായിരുന്നതിനാൽ മകളും മരുമകനും സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായിരുന്നു. അത് തനിക്ക് അതിയായ വിഷമം ഉണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
തന്റെ മോചനത്തിനായി കാത്തിരുന്നതും അതിനായി അശ്രാന്തം പരിശ്രമിച്ചതുമെല്ലാം തന്റെ ഭാര്യ ഇന്ദു മാത്രമായിരുന്നു. 1000ത്തിലധികം ദിവസങ്ങൾ താൻ ജയിലിൽ കഴിച്ച് കൂട്ടിയപ്പോൾ തന്റെ നിരപരാധിത്വം തെളിയിക്കാൻ കൂടെ നിന്നതും കടക്കാരുടെയും ബാങ്കുകാരുടെയുമെല്ലാം ശകാരം കേൾക്കേണ്ടി വന്നതും അവരുടെ തുകകൾ സെറ്റിലു ചെയ്തതുമെല്ലാം സ്വന്തം ഭാര്യ തന്നെയായിരുന്നു. തന്റെ ബിസിനസ് തകർന്നടിഞ്ഞിട്ട് പോലും അതുവരെ സ്ഥാപനത്തിൽ ഉണ്ടായിരുന്ന ജീവനക്കാർക്കെല്ലാം സ്വത്തുക്കൾ വിറ്റിട്ട് ശമ്പളം നൽകിയതുമൊക്കെ തന്റെ ഭാര്യ ഇന്ദിരയായിരുന്നു.
തന്റെ ബിസിനസിൽ ഒരിക്കൽ പോലും ഇടപെടാതെ വെറും ഒരു വീട്ടമ്മയായി കഴിഞ്ഞിരുന്ന ഇന്ദു എങ്ങനെയാണ് ഇത്തരം കാര്യങ്ങളൊക്കെ ചെയ്തത് തന്നെ അത്ഭുതപ്പടുത്തിയിരുന്നുവെന്നും
തന്നെ കാണാനായി ഒരിക്കലും ജയിലിലേയ്ക് വരരുതെന്ന് താൻ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം ഒരിക്കല്‍ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.ജയില്‍ മോചിതനായപ്പോള്‍ ഭാര്യയോടാണ് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും ഇനിയുള്ള ജീവിതം അവൾക്ക് വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നിൽ നിന്ന് കുത്തിയവർക്ക് മുന്നിൽ ഒരു നാൾ ഫിനിക്‌സ് പക്ഷിയായി താൻ എത്തുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന അദ്ദേഹം വീണ്ടും ബിസിനസിലേയ്ക്ക് കാൽവയ്ക്കാനിരിക്കെയാണ് വിട പറഞ്ഞത്.