ചാരനാവുകയായിരുന്നു കുട്ടിക്കാലത്ത് പുടിന്റെ സ്വപ്നം. ആ ആഗ്രഹം യാഥാര്‍ഥ്യമായി. ചാരപ്രമുഖനായി മാറിയ പുടിന് യുദ്ധം പ്രശ്നമല്ല.
സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബിയുടെ മുന്‍ കേണലായ പുടിന് സൈന്യത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഭരണകാലത്തെ യുദ്ധങ്ങള്‍ തന്നെയാണ് തെളിവ്.
ജയിക്കാനുള്ള വഴികള്‍ കൃത്യമായി നടപ്പാക്കുന്ന പുടിന്രീതി മറ്റു രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ഹനിക്കുന്നുണ്ട്. പ്രതികൂലമായ സാഹചര്യത്തില്‍ സിറിയയില്‍ ബശ്ശാറുല്‍ അസദിനെ സംരക്ഷിച്ചു നിര്‍ത്തിയത് വ്ലാദിമിര്‍ പുടിനും സ്പെറ്റ്സ്നാസുമാണ്.
റഷ്യക്കു പുറത്തു പോലും ശക്തമായ ആരാധക വൃന്ദമുള്ള മൃദുഭാഷിയായ പുടിന്റെ കരുത്ത് എന്ത് ചെയ്യാനും മടിയില്ലാത്ത ഈ സൈനികസംഘമാണ്. സ്പെറ്റ്സ്നാസ് (Spetsnaz)എന്ന പേരിലാണ് പുടിന്റെ ചാവേറുകളായ ഈ സൈനികവിഭാഗം അറിയപ്പെടുന്നത്. ഏത് വെല്ലുവിളിയും ഉടന്‍ നേരിടാന്‍തക്ക കടുത്ത പരിശീലനം നല്‍കിയാണ് റഷ്യന്‍ സൈന്യത്തിലെ പ്രത്യേക വിഭാഗത്തെ വാര്‍ത്തെടുത്തിരിക്കുന്നത്. പ്രതിരോധമല്ല, ആക്രമണമാണ് ഇവരുടെ ജോലി.
കഠിന പരീക്ഷകളിലൂടെയാണ് ഇവരുടെ തിരഞ്ഞെടുപ്പ്. ആയുധമൊന്നുമില്ലാതെ വെറുംകൈകൊണ്ട് എതിരാളിയെ തോല്പിക്കാനുള്ള ശേഷിയാണ് ഇവരുടെ പ്രത്യേകത. 1950കളില്‍ രണ്ടാംലോക മഹായുദ്ധത്തിനും മുമ്ബാണ് ഈ പ്രത്യേക ദൗത്യസേനയുടെ ജനനം. റഷ്യന്‍ പദമായ ഇതിന്റെ അര്‍ഥം 'പ്രത്യേക ദൗത്യം' എന്നാണ്. റഷ്യയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗമായ 'എസ്.വി.ആറി'ന്റെ നിയന്ത്രണത്തിലാണിത്. യുദ്ധസമയത്തും അല്ലാത്തപ്പോഴും പല ദൗത്യങ്ങളും നിര്‍വഹിക്കാറുണ്ട്.
റഷ്യന്‍ സൈനികന് നല്കുന്നതു പോലെ സ്പെറ്റ്സ്നാസ് വിഭാഗത്തിലുള്ളവര്‍ക്കും സ്പെര്ക്ക എന്ന കോരിക പോലുള്ള ആയുധം നല്‍കാറുണ്ട്. മൂന്ന് അരികുകളും മൂര്‍ച്ചയേറിയ ഈ ആയുധംകൊണ്ട് എതിരാളികളെ കൊല്ലാനും ആക്രമിക്കാനും ഇവരെ പരിശീലിപ്പിക്കുന്നു. പരിശീലനഭാഗമായി ജനലുകളില്ലാത്ത മുറിയില്‍ പേപ്പട്ടിക്കൊപ്പം അടച്ചിടുന്ന ഇവര്‍ക്ക് ഈ കോരിക മാത്രമാണ് ആയുധമായി നല്‍കുക. ഒന്നുകില്‍ കൊല്ലുക, അല്ലെങ്കില്‍ മരിക്കുക മാത്രമേ അവര്‍ക്ക് മുന്നില്‍ വഴിയുള്ളൂ. യുദ്ധത്തിലെ രക്തച്ചൊരിച്ചിലുകളില്‍ പതറാതെ നില്ക്കാന് ശേഷി നല്കുന്ന നിരവധി അതിക്രൂരമായ പരിശീലനങ്ങളില്‍ ഒന്നു മാത്രമാണിത്.
ചുവരുകളിലും മേല്‍ക്കൂരയിലും അഴുകിയ മാംസത്തിന്റെ കഷണങ്ങളുള്ള ഇടത്തുകൂടി നെഞ്ച് വരെയുള്ള രക്തത്തിലൂടെ ഓട്ടം, വയറിന് മുകളില്‍ വെച്ച കത്തുന്ന ഇഷ്ടികകള്‍ ചുറ്റികക്ക് അടിച്ചുപൊട്ടിക്കുക, കത്തുന്ന കല്‍ക്കരിക്ക് മുകളിലൂടെ ഓടുക, ബെല്‍റ്റ്, ചെരിപ്പ്, സ്പൂണ്‍ എന്നിവ ഉപയോഗിച്ചുള്ള മര്‍ദനം, ബാത്ത്റൂമില്‍ ഉറക്കം എന്നിവയാണ് റിക്രൂട്ട്മെന്റിലെ പരിശീലനമുറകളെന്ന് മുന്‍ സോവിയറ്റ് ഉദ്യോഗസ്ഥനായ വിക്ടര്‍ സുവോറോവ് പറയുന്നു.