കോവിഡ് എത്തിയശേഷം ആദ്യമാണ് ഇരുവരും ഇന്ത്യ-യു.എ.ഇ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ മാസം പ്രധാനമന്ത്രി യു.എ.ഇ സന്ദര്‍ശനം നിശ്ചയിച്ചിരുന്നെങ്കിലും ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ചു. ഈ പശ്ചാത്തലത്തിലാണ് ഓണ്‍ലൈനില്‍ ഉച്ചകോടി നടത്തുന്നത്. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യാപാരക്കരാറുകള്‍ വെള്ളിയാഴ്ച ഡല്‍ഹിയില്‍ ഒപ്പുവെക്കും.
ഇതിന് മുന്നോടിയായി യു.എ.ഇ സംഘം ഡല്‍ഹിയില്‍ എത്തി. നരേന്ദ്ര മോദിയും ശൈഖ് മുഹമ്മദ് ബിന്‍ സായിദും ഓണ്‍ലൈന്‍ വഴി സാക്ഷ്യം വഹിക്കും. സംയോജിത സാമ്ബത്തിക സഹകരണക്കരാര്‍, സ്വതന്ത്ര വ്യാപാരക്കരാര്‍ എന്നിവ ഇതില്‍ പ്രധാനമാണ്.
ഇരുരാജ്യങ്ങളിലെയും നികുതി ഇളവ് ഉള്‍പ്പെടെ ഈ കരാറിലുണ്ടെന്നാണ് കരുതുന്നത്. ഇരുരാജ്യങ്ങളും നേരിടുന്ന പൊതുവായ വെല്ലുവിളികള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. സെപ്റ്റംബറിലാണ് സമഗ്ര സാമ്ബത്തിക സഹകരണ കരാര്‍ (സി.ഇ.പി.എ) തയാറാക്കിയത്. ഇതിന്മേലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം ഒപ്പിടുമെന്നായിരുന്നു കരുതിയത്. ഒമിക്രോണ്‍ വ്യാപനം മൂലം നീളുകയായിരുന്നു. ഇരുരാജ്യങ്ങളിലും കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന കരാറാണിത്. കോവിഡ് എത്തിയ ശേഷം ഏതെങ്കിലുമൊരു ഗള്‍ഫ് രാജ്യവുമായി ഇന്ത്യ ഒപ്പുവെക്കുന്ന പ്രധാന കരാറാണിത്.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും യു.എ.ഇയുടെ 50ാം ദേശീയ ദിനവും ആഘോഷിക്കുന്ന വേളയില്‍ ചരിത്രപരമായ പ്രഖ്യാപനങ്ങള്‍ക്കാണ് ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ കാതോര്‍ക്കുന്നത്.
പ്രതീക്ഷയോടെ വ്യാപാര ലോകം
ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മില്‍ വെള്ളിയാഴ്ച വ്യാപാര കരാര്‍ ഒപ്പുവെക്കാനൊരുങ്ങുമ്ബോള് ഇരുരാജ്യങ്ങളിലെയും വ്യാപാര ലോകം പ്രതീക്ഷയിലാണ്. കോവിഡ് എത്തിയ ശേഷം ഗള്‍ഫ് രാജ്യവും ഇന്ത്യയും തമ്മില്‍ നടത്തുന്ന ഏറ്റവും വലിയ വ്യാപാര കരാറാണിത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാട് 115 ശതകോടി ഡോളറിലേക്ക് ഉയര്‍ത്താന്‍ കരാര്‍ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം 60 ശതകോടി ഡോളറിന്റെ ഇടപാടാണ് നടന്നത്. യു.എസും (67.4 ശതകോടി ഡോളര്‍) ചൈനയും (65.1 ശതകോടി ഡോളര്‍) കഴിഞ്ഞാല്‍ ഇന്ത്യയുമായി ഏറ്റവുമധികം വ്യാപാര ഇടപാട് നടത്തുന്ന രാജ്യം യു.എ.ഇയാണ്.
സെപ്റ്റംബറില്‍ തയാറാക്കിയ സമഗ്രസാമ്ബത്തിക സഹകരണ കരാര്‍ (സി.ഇ.പി.എ) ഏറെ പ്രതീക്ഷ പകരുന്നതാണ്. വിവിധ മേഖലകളിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കരാര്‍ സഹായിക്കും. ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികള്‍ പോലുള്ളവക്ക് അനുമതി വേഗത്തില്‍ ലഭിക്കാന്‍ കരാര്‍ ഉപകരിച്ചേക്കും. ഇറക്കുമതി, കയറ്റുമതി നികുതിയില്‍ ഇളവുണ്ടാകുമോ എന്നതാണ് വ്യാപാര ലോകം ഉറ്റുേനാക്കുന്ന പ്രധാന കാര്യം. കസ്റ്റംസ് തീരുവയില്‍ കാര്യമായ മാറ്റം വരുമെന്നാണ് പ്രതീക്ഷ. ചരക്ക് നീക്കം സുഗമമാക്കാന്‍ കസ്റ്റംസ് തീരുവ ഏകീകരിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ട്.
ഇന്ത്യയില്‍ സാമ്ബത്തിക വര്‍ഷത്തിന്റെ തുടക്കമായ ഏപ്രില്‍ ഒന്നു മുതല്‍ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ പ്രാബല്യത്തിലായേക്കും. അതേസമയം, സ്വതന്ത്ര വ്യാപാര കരാറിന് തുല്യമായിരിക്കില്ല സി.ഇ.പി.എ. ഇന്ത്യയും യു.എ.ഇയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതിന് നയപരമായ തടസ്സങ്ങളുണ്ട്. ഗള്‍ഫ് കോര്പറേഷന് കൗണ്‍സിലുമായി (ജി.സി.സി) ചേര്‍ന്ന് വേണം ഇത്തരമൊരു കരാര്‍ തയാറാക്കാന്‍. ഇതിനായുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുേമ്ബ തുടങ്ങിയെങ്കിലും നടപ്പായിട്ടില്ല. ഇന്ത്യന്‍ ഉല്പന്നങ്ങള് ലോകത്താകമാനം എത്തിക്കാനുള്ള ഗേറ്റ് വേയായി യു.എ.ഇയെ മാറ്റുന്നതായിരിക്കും കരാര്‍.
ഇരുരാജ്യങ്ങളിലെയും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരിക്കും കരാര്‍. നിലവില്‍ ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ സ്ഥാപനങ്ങള്‍ ഇരുരാജ്യങ്ങളിലും നിക്ഷേപമിറക്കുന്നുണ്ട്. ഡി.പി വേള്‍ഡ് ഇന്ത്യയില്‍ നിക്ഷേപമിറക്കിയപ്പോള് മുകേഷ് അംബാനിയുടെ റിലയന്‍സ് യു.എ.ഇയില്‍ നിക്ഷേപിക്കുന്നുണ്ട്.
സ്വര്‍ണവ്യാപാര മേഖലയും ഏറെ പ്രതീക്ഷയിലാണ്. ഇന്ത്യന്‍ നിര്‍മിത ആഭരണങ്ങളെ കസ്റ്റംസ് തീരുവയില്‍നിന്ന് യു.എ.ഇ ഒഴിവാക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ അഞ്ചുശതമാനമാണ് തീരുവ. നിലവില്‍ 35 ശതകോടി ഡോളറിന്റെ ആഭരണ കയറ്റുമതിയാണ് ഇന്ത്യ നടത്തുന്നത്. ഇത് 70 ശതകോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷ.