സഹൽ മാജിക്; ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം

സഹൽ മാജിക്; ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം


ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സെമിഫൈനലുകളിലെ മികച്ച റെക്കോർഡ് കാത്തുസൂക്ഷിച്ച് ജംഷ്ഡ്പുർ എഫ്‍സിക്കെതിരായ ആദ്യപാദ സെമിയിൽ വിജയക്കൊടി നാട്ടി കേരള ബ്ലാസ്റ്റേഴ്സ്. ആക്രമണ ഫുട്ബോളിന്റെ സുന്ദര നിമിഷങ്ങൾകൊണ്ടു സമ്പന്നമായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജംഷഡ്പുർ എഫ്‍സിയെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ മലയാളി താരം സഹൽ അബ്ദുൽ സമദാണ് വിജയഗോൾ നേടിയത്. രണ്ടാം പകുതിയിൽ യുറഗ്വായ് താരം അഡ്രിയൻ ലൂണയുടെ ഫ്രീകിക്ക് പോസ്റ്റിൽത്തട്ടി തെറിച്ചത് ബ്ലാസ്റ്റേഴ്സിന് നിരാശയായി. ഇതോടെ, ഈ മാസം 16ന് തിലക് മൈതാനിൽ നടക്കുന്ന രണ്ടാം പാദ സെമിയിൽ ഒരു ഗോൾ ലീഡുമായി ബ്ലാസ്റ്റേഴ്സിന് പോരാട്ടം പുനരാരംഭിക്കാം.


ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിനൊടുവിലാണ് ബ്ലാസ്റ്റേഴ്സ് പിജെഎൻ സ്റ്റേഡിയത്തിൽനിന്ന് ഒരു ഗോൾ വിജയവുമായി തിരിച്ചുകയറിയത്. 38–ാം മിനിറ്റിൽ ജംഷഡ്പുർ പ്രതിരോധത്തിന്റെ പിഴവു മുതലെടുത്താണ് സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. 

ജംഷഡ്പുരിനാകട്ടെ, അവരുടെ സൂപ്പർതാരം ഡാനിയൽ ചീമ ആദ്യപകുതിയിൽ രണ്ട് സുവർണാവസരങ്ങൾ പാഴാക്കിയതും തിരിച്ചടിയായി.
ജംഷഡ്പുരിന്റെ കടുത്ത സമ്മർദ്ദ തന്ത്രങ്ങളെ അതിജീവിച്ച് ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലാണ് ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയത്. ജംഷഡ്പുർ മുന്നേറ്റത്തിന്റെ മുനയൊടിച്ച് നടത്തിയ കൗണ്ടർ അറ്റാക്കിൽനിന്നാണ് ഗോളിന്റെ പിറവി. ജംഷഡ്പുർ താരം മൊബഷീറിൽനിന്ന് തകർപ്പൻ സ്ലൈഡിങ്ങിലൂടെ സ്വന്തം ബോക്സിനു സമീപം പന്ത് വീണ്ടെടുത്ത ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ത്രോ സംഘടിപ്പിച്ചതോടെയാണ് ഗോളിലേക്കുള്ള നീക്കത്തിന്റെ ആരംഭം.


ത്രോ പിടിച്ചെടുത്ത അൽവാരോ വാസ്ക്വസ് മധ്യവരയ്ക്കു സമീപത്തുനിന്ന് സഹലിന് കണക്കാക്കി ജംഷഡ്പുർ ബോക്സിലേക്ക് പന്ത് ഉയർത്തി നൽകി. ഒപ്പമോടിയ ജംഷ്ഡ്പുർ താരം റിക്കി ലല്ലാവ്മയ്ക്ക് പന്തിൽ തല തൊടാനായെങ്കിലും ക്ലിയർ ചെയ്യാനായില്ല. ഫലം പന്ത് ബോക്സിലേക്ക് ഓടിക്കയറിയ സഹലിന് കാൽപ്പാകത്തിൽ. ഒട്ടും ആവേശം കാട്ടാതെ അസാമാന്യ നിയന്ത്രണത്തോടെ സഹൽ പന്തു വരുതിയിലാക്കി. പിന്നെ മുന്നോട്ടു കയറിയെത്തിയ ജംഷഡ്പുർ ഗോൾകീപ്പർ ടി.പി. രഹനേഷിനെ കാഴ്ചക്കാരനാക്കി തലയ്ക്കു മുകളിലൂടെ പന്ത് ചിപ് ചെയ്തു. ഓടിയെത്തിയ ജംഷഡ്പുർ പ്രതിരോധ നിരക്കാരനെ നിരായുധനാക്കി പന്ത് വലയിൽ. ഗോളിലേക്കുള്ള ആദ്യ ഷോട്ടിൽത്തന്നെ ബ്ലാസ്റ്റേഴ്സിന് ലീഡ്. സ്കോർ (1–0)
രണ്ടാം പകുതിയിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതുന്ന കാഴ്ചയാണ് ആരാധകരെ കാത്തിരുന്നത്. ജംഷഡ്പുർ ആക്രമണങ്ങൾക്കു മുന്നിൽ പതറാതെ തിരിച്ചടിച്ച ബ്ലാസ്റ്റേഴ്സാണ് രണ്ടാം പകുതിയിലും ഏറ്റവും മികച്ച ഗോളവസരം സൃഷ്ടിച്ചത്. 47–ാം മിനിറ്റിൽ ജംഷഡ്പുർ ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് ബ്ലാസ്റ്റേഴ്സിന് ലഭിച്ച ഫ്രീകിക്ക് അഡ്രിയൻ ലൂണ മഴവില്ലഴകോടെ ഗോളിലേക്ക് അയച്ചതാണ്. ഉയർന്നുചാടിയ ജംഷഡ്പുർ ഗോൾകീപ്പർ ടി.പി. രഹനേഷിന്റെ നീട്ടിയ കൈകളെ മറികടന്നെങ്കിലും, പന്ത് പോസ്റ്റിലിടിച്ച് തെറിച്ചു.

രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ജംഷഡ്പുരിന്റെ പകരക്കാരൻ താരം ഇഷാൻ പണ്ഡിതയ്ക്ക് സമനില ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും, പോസ്റ്റിനു മുന്നിലെ കൂട്ടപ്പൊരിച്ചിലിനിടയിലൂടെ പായിച്ച ഷോട്ട് ആരെയും തൊടുതെ പുറത്തുപോയി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളായ അൽവാരോ വാസ്ക്വസ്, സഹൽ അബ്ദുൽ സമദ് എന്നിവർക്കു മഞ്ഞക്കാർഡ് ലഭിച്ചു. ഇരുവരെയും പിൻവലിച്ച പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് പകരക്കാരായി ചെഞ്ചോ, വിൻസി ബാരറ്റോ എന്നിവരെ കളത്തിലിറക്കി. സന്ദീപ് സിങ്, ജീക്സൺ സിങ്, സിപോവിച്ച് എന്നിവരും രണ്ടാം പകുതിയിൽ പകരക്കാരായി കളത്തിലെത്തി.


Post a Comment

Previous Post Next Post