സാമൂഹ്യ ആഘാത പഠനത്തിന് വേണ്ടിയാണ് കല്ലിടുന്നത്. സാമൂഹ്യ ആഘാത പഠനം എതിരായാല്‍ കല്ല് എടുത്ത് മാറ്റും. അങ്ങനെ മുന്‍പ് ചെയ്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നത് കെ.റെയില്‍ ആവശ്യപ്രകാരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കല്ലിടല്‍ റവന്യു വകുപ്പിന്റെ നടപടി ക്രമമാണെന്നായിരുന്നു കെ റെയിലിന്റെ വിശദീകരണം.
അതേസമയം സംസ്ഥാനത്ത് പലയിങ്ങളില്‍ കല്ലിടല്‍ ആരംഭിച്ചു. ഇന്നലെ ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കെ റെയില്‍ സര്‍വേ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. സാമൂഹിക ആഘാത പഠനത്തിന് കല്ലിടുന്നതിനെതിരായ പ്രതിഷേധം സംസ്ഥാനമാകെ ദിവസങ്ങളായി തുടരുകയാണ്. പലയിടത്തും കല്ല് സ്ഥാപിക്കുന്നു പ്രതിഷേധക്കാര്‍ എടുത്തു കളയുന്നു എന്നതാണ് രീതി. ഇതിനിടയിലാണ് സംസ്ഥാനത്ത് ഒരിടത്തും ഇന്നലെ സര്‍വേ നടക്കാതിരുന്നത്. സര്‍വേ ഉള്ളതായി അറിയിച്ച ജില്ലകളിലെല്ലാം രാവിലെയോടെ തീരുമാനം മാറ്റുകയായിരുന്നു.
ഔദ്യോഗികമായി സര്‍വേ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് കെ റെയില്‍ വിശദീകരണം. ഓരോ ജില്ലയിലെയും സാഹചര്യം പരിഗണിച്ച് തീരുമാനിക്കുമെന്നും കെ റെയില്‍ വ്യക്തമാക്കിയിരുന്നു.