കണ്ണൂര്‍: കാറിന്റെ ചില്ലില്‍ കളര്‍ഫിലിം ഒട്ടിക്കുന്നതില്‍ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്
വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലായി 3500-ലേറെ വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. കണ്ണൂരില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സ്മെന്റ് വിഭാഗം 2609 കേസുകള്‍ പിടികൂടുകയും 6,57,750 രൂപ പിഴയീടാക്കുകയും ചെയ്തു. കാസര്‍കോട് 559 കേസുകളിലായി 1,49,750 രൂപയാണ് പിഴയീടാക്കിയത്.
വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിച്ചതിന് കണ്ണൂരില്‍ കഴിഞ്ഞ ജനുവരിയില്‍ 157, ഫെബ്രുവരിയില്‍ 232, മാര്‍ച്ചില്‍ 98 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. കാസര്‍കോട് ജില്ലയില്‍ ജനുവരിയില്‍ 34, ഫെബ്രുവരിയില്‍ 73, മാര്‍ച്ചില്‍ 50 എന്നിങ്ങനെയാണ്. ഒരു വാഹനം പിടിച്ചാല്‍ 250 രൂപയാണ് പിഴ. കൂളിങ് ഫിലിം പൂര്‍ണമായും പറിച്ചുനീക്കുകയും ചെയ്യും.
കേന്ദ്ര നിയമഭേദഗതിയും വാഹനങ്ങളുടെ ഗ്ലാസിന്റെ സുരക്ഷ സംബന്ധിച്ച് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്.) ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളും ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരുന്നു.
2020 ജൂലായിലെ കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിപ്രകാരം ബി.ഐ.എസ്. നിഷ്‌കര്‍ഷിക്കുന്ന ഗ്ലാസുകളാണ് വാഹനങ്ങളില്‍ ഉപയോഗിക്കേണ്ടത്. മുന്‍വശത്തെയും പിന്നിലെയും ചില്ലുകള്‍ക്ക് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണം. ഇത് വാഹനത്തിന്റെ നിര്‍മ്മാണ വേളയില്‍ത്തന്നെ ഉറപ്പാക്കണമെന്ന് ഭേദഗതി നിഷ്‌കര്‍ഷിക്കുന്നു.
കേന്ദ്ര ഭേദഗതിക്കു മുമ്ബ് വാഹനങ്ങളില്‍ സുരക്ഷാ ഗ്ലാസുകള്‍ ഉപയോഗിക്കണമെന്നു മാത്രമാണ് നിഷ്‌കര്‍ഷിച്ചിരുന്നത്. നിയമഭേദഗതി 2021 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് രണ്ടുവര്‍ഷത്തേക്കു നീട്ടി. 2023 ഏപ്രിലാണ് അവസാന തീയതി.
പ്ലാസ്റ്റിക് പാളി ചേര്‍ത്ത ഗ്ലാസുകളുടെ നിര്‍വചനമാണ് ബി.ഐ.എസില്‍ പുതുതായി വന്നത്. നിര്‍ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗ്ലാസുകള്‍ (സേഫ്റ്റി ഗ്ളേസിങ്) നിര്‍മ്മാതാക്കള്‍ക്ക് ഉപയോഗിക്കാം. ഓട്ടോമൊബൈല്‍ റിസര്‍ച്ച് അസോസിയേഷന്‍, ഇന്ത്യ പോലുള്ള അംഗീകൃത സ്ഥാപനങ്ങളുടെ പരിശോധനയ്ക്കു ശേഷമാണ് പുതിയ വാഹന മോഡലുകള്‍ക്ക് വില്‍പ്പനാനുമതി നല്‍കുന്നത്. ഇതിനുശേഷം മാറ്റംവരുത്തുന്നത് നിയമവരുദ്ധമാണ്. ചില്ലുകളില്‍ കൂളിങ് പേപ്പറുകള്‍ പതിക്കുന്നതിനു പുറമേ കര്‍ട്ടന്‍ ഇടുന്നതും നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചിട്ടുണ്ട്.
ഇത്തരം വാഹനങ്ങളില്‍ പിറകിലും മുന്‍പിലും 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും വെളിച്ചം കടക്കണം എന്ന് നിബന്ധനയുണ്ട്. എന്നാല്‍ കൂളിങ് ഫിലിം പോലുള്ളവ ഉപയോഗിക്കുന്നതിന് യാതൊരുതരത്തിലുള്ള അനുമതിയും ഇല്ല. അപകടമുണ്ടാകുമ്ബോള്‍ കൂളിങ് ഫിലിമുകള്‍ പതിച്ച ചില്ലുകള്‍ ചിതറിവീഴാതെ നില്‍ക്കുകയും കൂര്‍ത്ത ഭാഗങ്ങള്‍ ഉണ്ടായി യാത്രക്കാര്‍ക്ക് അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
എന്നാല്‍ നിബന്ധനയോടെ കമ്ബനികള്‍ നിര്‍മ്മിക്കുന്ന ഗ്ലാസുകള്‍ക്ക് ഈ പ്രശ്‌നമില്ല. കൂളിങ് ഫിലിം ഒട്ടിച്ച വാഹനത്തിന് പിന്നില്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും കാഴ്ച മറയുന്ന പ്രശ്‌നമുണ്ട്. സാമൂഹിക സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാകാനും ഇടയാക്കും. കൂളിങ് ഫിലിം പതിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നീക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ബുധനാഴ്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.
Tags
mvd