ബിഗ് ബോസ് വീട്ടിലേക്ക് 'പുതിയ മത്സരാർഥി', വീട്ടിലുള്ളവരെ വെള്ളം കുടിപ്പിക്കാനോ 'മലയാളം വാദ്ധ്യാ'രുടെ വരവ്?!


ബി​ഗ് ബോസ് മലയാളം സീസണ്‍ 4 മൂന്നാം ആഴ്ച പിന്നിടുമ്ബോള്‍ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.

സാധാരണക്കാരായ പ്രേക്ഷകരെ പ്രതിനിധീകരിച്ചുള്ള മത്സരാര്‍ഥിയെയാണ് പതിനെട്ടാമതായി ബി​ഗ് ബോസ് വീട്ടിലേക്ക് എത്തിച്ചിരിക്കുന്നത്. മണികണ്ഠന്‍ തോന്നയ്ക്കല്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ പുതിയ മത്സരാര്‍ഥി. തുടക്കത്തില്‍ പതിനേഴ് മത്സരാര്‍ഥികളാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അതില്‍ ജാനകി സുധീര്‍ ആദ്യത്തെ ആഴ്ചയില്‍ വീട്ടില്‍ നിന്നും പുറത്തായി.
രണ്ടാമത്തെ ആഴ്ച എലിമിനേഷന് പകരം സീക്രട്ട് റൂം ടാസ്കായിരുന്നു നല്‍കിയത്. ഇപ്പോള്‍‌ വീട്ടില്‍ അവശേഷിക്കുന്നത് പതിനാറ് മത്സരാര്‍ഥികളാണ്. മണികണ്ഠന്‍ തോന്നയ്ക്കല്‍ കൂടി എത്തിയതോടെ മൊത്തം വീട്ടിലുള്ള മത്സരാര്‍ഥികളുടെ എണ്ണം പതിനേഴാകും. വീട്ടിലെ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ഥി കൂടിയാണ് മണികണ്ഠന്‍ തോന്നയ്ക്കല്‍. 

തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലാണ് ഇദ്ദേഹത്തെ സ്വദേശം. മണികണ്ഠന്‍ പിള്ള സി എന്ന പേര് ചുരുക്കിയാണ് മണിയന്‍ തോന്നയ്ക്കല്‍ എന്ന് സോഷ്യല്‍മീഡിയകളില്‍ കുറിച്ചിരിക്കുന്നത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ നടന്‍, യുട്യൂബര്‍, വില്ലടിച്ചാം പാട്ട്, കൃഷി, അധ്യാപനം എന്നിങ്ങനെ വ്യത്യസ്തങ്ങളായ മേഖലകളില്‍ ശോഭിച്ച്‌ നില്‍ക്കുന്ന വ്യക്തി കൂടിയാണ് മണികണ്ഠന്‍

മണിയന്‍ സ്പീക്കിംഗ്

ഭാഷയിലും സാഹിത്യത്തിലും പുരാണത്തിലും ​ഗ്രാഹ്യമുണ്ട്. ഇദ്ദേഹത്തിന്റെ മണിയന്‍ സ്പീക്കിംഗ് എന്ന യുട്യൂബ് ചാനലിന് നിരവധി ആരാധകരാണുള്ളത്. 9000ല്‍ അധികം സബ്സ്ക്രൈബേഴ്സ് ഇപ്പോള്‍ ഇദ്ദേഹത്തിനുണ്ട്. ഭാഷയെയും സാഹിത്യത്തെയും പുരാണ കഥകളെയുമൊക്കെ കുറിച്ചുള്ള വിവരങ്ങളും ഒപ്പം ഹാസ്യാവതരണങ്ങളുമൊക്കെയാണ് ഈ ചാനലിലൂടെ മണികണ്ഠന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് മലയാള സാഹിത്യത്തിലാണ് ഇദ്ദേഹത്തിന്‍റെ ബിരുദം. ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥികള്‍ക്കായുള്ള നിബന്ധനകളില്‍ ഒന്ന് കഴിവതും മലയാളത്തില്‍ മാത്രം സംസാരിക്കുക എന്നതാണ്. എന്നാല്‍ ഈ സീസണില്‍ ഏറ്റവുമധികം തവണ ലംഘിക്കപ്പെട്ടിട്ടുള്ളതും ഈ നിബന്ധനയാണ്.

ഇംഗ്ലീഷ് വാക്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് മോഹന്‍ലാല്‍ പലതവണ ചൂണ്ടിക്കാട്ടുകയും ചെയ്‍തിരുന്നു. വീട്ടിലെ നിലവിലെ ഈ അവസ്ഥയില്‍ ഭാഷയിലും സാഹിത്യത്തിലും അറിവുള്ള ഒരാള്‍ എത്തുന്നുവെന്നത് പ്രേക്ഷകരേയും ആകാംഷയിലാക്കിയിട്ടുണ്ട്. മലയാളം കൂടുതല്‍ പ്രചരിപ്പിക്കുക എന്നത് തന്റെ ഉദ്ദേശമാണെന്നും മണികണ്ഠന്‍ പറഞ്ഞിരുന്നു. ഈ സീസണില്‍ തനിക്ക് ഭീഷണിയെന്ന് തോന്നുന്ന ഒരു മികച്ച മത്സരാര്‍ഥി ആരെന്ന ചോദ്യത്തിന് ഒരാളെയായി പറയാന്‍ കഴിയുന്നില്ലെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ മണികണ്ഠന്‍ പറഞ്ഞത്. കഴിഞ്ഞ വാരങ്ങളിലെ ഷോ കണ്ടതില്‍ നിന്ന് സ്ഥിരമായി മികവ് കാട്ടുന്ന ഒരു മത്സരാര്‍ഥി ഇല്ല എന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് ഹൌസില്‍ എങ്ങനെ ആയിരിക്കും എന്ന ചോദ്യത്തിന് തന്നാല്‍ ആവുന്ന രീതിയില്‍ ശ്രമിക്കും എന്നും അദ്ദേഹം മറുപടി നല്‍കി.

മണികണ്ഠന്‍റെ ​ഗെയിം പ്ലാന്‍
ഈ ആഴ്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടാകുമെന്നത് പ്രേക്ഷകര്‍ നേരത്തെ പ്രവചിച്ച ഒന്നായിരുന്നു. മോഡല്‍ ജിയ ഇറാനി, മെന്റലിസ്റ്റ് അനന്ദു തുടങ്ങി നിരവധി പേരുടെ പേരുകളും പ്രവചനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിരുന്നു. പക്ഷെ പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കി ആരും പ്രതീക്ഷിക്കാത്ത ഒരു മത്സരാര്‍ഥിയെയാണ് ബി​ഗ് ബോസ് ടീം അവതരിപ്പിച്ചിരിക്കുന്നത്. നവീന്‍ അറയ്ക്കല്‍, ലക്ഷ്മിപ്രിയ, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്‍മിന്‍ എം മൂസ, അഖില്‍ ബി എസ്, നിമിഷ, ഡെയ്‍സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സന്‍റ്, അശ്വിന്‍ വിജയ്, അപര്‍ണ്ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്‍ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നിവരാണ് ഇപ്പോള്‍ വീടിനുള്ളത്.

Post a Comment

Previous Post Next Post