ഇന്ത്യൻ രൂപ ഐസിയു ബെഡിൽ കിടന്നു
ചകശ്വാസം വലിക്കുകയാണ്. രൂപയുടെ ആരോഗ്യം ഇനിയും മോശമായേക്കുമെന്നും മൂല്യം ഡോളറിനെതിരെ 80ലേക്ക് ഉടൻ തന്നെ കുറയുമെന്നുമാണ് വിദഗ്ധർ പറയുന്നത്. 2013ൽ ആയിരുന്നു ഇതിനു മുൻപ് ഇത്തരത്തിൽ രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞത്. 2008ലെ മാന്ദ്യത്തെത്തുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിക്ഷേപം നടത്തിയ വിദേശ സ്ഥാപന നിക്ഷേപകർ വൻതോതിൽ ഇവ പിൻവലിക്കുമോ എന്ന ഭയവും ഓഹരി, കടപ്പത്ര വിപണികളിൽ നിന്നു നടത്തിയ പിൻവാങ്ങലുമായിരുന്നു അന്ന് രൂപയുടെ മൂല്യം ഇടിച്ചുകൊണ്ടിരുന്നത്. ഏതാണ്ട് ഇപ്പോഴത്തേതിനു സമാനമായിരുന്നു അന്നത്തെ സാമ്പത്തിക സാഹചര്യങ്ങളും. അസംസ്കൃത എണ്ണവില വൻതോതിൽ ഉയർന്നു നിൽക്കുന്നു. ഉയർന്ന പണപ്പെരുപ്പം, ഓഹരി വിപണികളിലെ ഉയർന്ന വിൽപനാ സമ്മർദം എന്നിവയൊക്കെ രൂപയെ സ്വാധീനിച്ചിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, രൂപയുടെ തകർച്ചയിൽ രണ്ടാം യുപിഎ സർക്കാരിനെ നിശിതമായി വിമർശിച്ചു. 1.48 രൂപയുടെ തകർച്ച ഇന്ത്യൻ രൂപ നേരിട്ട 2013 ഓഗസ്റ്റ് 19ന്, കേന്ദ്രസർക്കാരിന്റെ നിഷ്ക്രിയത്വം ഓർത്ത് രാജ്യം ഏറ്റവും നിരാശപ്പെടുന്ന ദിവസമാണെന്നായിരുന്നു മോദിയുടെ പ്രതികരണം. രൂപയെ രക്ഷിക്കാൻ സർക്കാർ എന്താണ് ചെയ്യുന്നതെന്നായിന്നു മോദി ഉയർത്തിയ ചോദ്യം. അതേ ചോദ്യം ഇപ്പോൾ മോദിയുടെ നേർക്കും മടങ്ങി വരുന്നുണ്ട്. രാജ്യത്തിന്റെ പണപ്പെരുപ്പം കുറയ്ക്കാനും രൂപയെ രക്ഷിക്കാനും പ്രധാനമന്ത്രി എന്തു ചെയ്യുന്നു എന്നാണു പ്രതിപക്ഷം ചോദിക്കുന്നത്. എന്നാൽ പണപ്പെരുപ്പം ഒരു ആഗോള പ്രതിഭാസമാണെന്നും യുദ്ധത്തിന്റെയും മറ്റ് രാജ്യാന്തര സാഹചര്യങ്ങളുടെയും ഉപോൽപന്നമാണെന്നും പറയുന്നതല്ലാതെ മോദി സർക്കാർ രൂപയെ രക്ഷിക്കാനും പണപ്പെരുപ്പം തടയാനും കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. നിർണായകമായ ഈ ഘട്ടത്തിൽ ആരാണ് ഇന്ത്യൻ രൂപയെ രക്ഷിക്കാനുള്ളത്? പണപ്പെരുപ്പത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച റിസർവ് ബാങ്കിന് രൂപയുടെ ആരോഗ്യം വീണ്ടെടുക്കാനാകുമോ? അതോ മോദി സർക്കാരിൽനിന്നു രൂപയുടെ രക്ഷാ വാക്സീൻ പ്രതീക്ഷിക്കണോ? ആരാണെങ്കിലും ഉടൻ ഇടപെട്ടേ മതിയാകൂ... കാരണം രൂപയുടെ നില അതീവ ഗുരുതരമാണ്.
2013ന് സമാനമല്ല 2022!
2013ലെ രൂപയുടെ ഇടിവുമായി ഇപ്പോഴത്തെ മൂല്യത്തകർച്ചയെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നുള്ള വാദവുമുണ്ട്. അന്ന് യൂറോ അടക്കമുള്ള മറ്റെല്ലാ വിദേശ കറൻസികൾക്കുമെതിരെ രൂപയുടെ മൂല്യം ഇടിയുകയായിരുന്നു. എന്നാൽ ഇന്ന് മറ്റു വിദേശ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ ഇടിവ് താരതമ്യേന ചെറുതാണെന്നു പറയാം. യുദ്ധത്തെത്തുടർന്ന് പൗണ്ടും യൂറോയുമെല്ലാം കുത്തനെ ഇടിയുന്നുണ്ട്. ഇതിനൊപ്പമാണ് പണപ്പെരുപ്പ ഭീഷണിയും. ഡോളറിനെതിരെ കഴിഞ്ഞ 2 മാസത്തിൽ രൂപ 1.9 ശതമാനം ഇടിഞ്ഞെങ്കിൽ യൂറോയ്ക്കെതിരെ ഒരു ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. പൗണ്ടിനെതിരെ 3.67 ശതമാനമാണ് നേട്ടം. ജാപ്പനീസ് യെന്നിനെതിരെ 3.5 ശതമാനമാണ് രൂപയുടെ നേട്ടം. ചൈനീസ് യുവാനെതിരെ 3.7 ശതമാനവും. എന്നാൽ യുദ്ധവും ചൈനയിലെ കോവിഡ് ലോക്ഡൗണും ലോകത്താകമാനം നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധികളുമാണ്
കറൻസികളുടെ എല്ലാം മൂല്യമിടിക്കുന്നത്. ഡോളറിനെതിരെ മാത്രമേ രൂപ ഇടിയുന്നുള്ളൂ എന്ന് ആശ്വസിച്ച് ഭരണാധികാരികൾക്ക് ആശ്വസിക്കാനുള്ള സമയമല്ലിതെന്നു ചുരുക്കം.
• ആശ്വാസം പകരുമോ ആർബിഐ?
ഡോളറിനെതിരെ ദുർബലമായ രൂപയെ രക്ഷിക്കാൻ പല നടപടികളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ നവംബറിൽ കരുതൽ ശേഖരം തുറന്ന് 50 ലക്ഷം ബാരൽ അസംസ്കൃത എണ്ണ വിപണിയിലേക്ക് എത്തിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. എണ്ണയ്ക്കായി 80 ശതമാനത്തിലേറെ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് അൽപമെങ്കിലും കുറച്ച് കറൻസിയെ സംരക്ഷിക്കുകയും എണ്ണവില കുറയ്ക്കാനുള്ള നീക്കത്തിന്റെയും ഭാഗമായാണ് ഇന്ത്യ കരുതൽ ശേഖരം തുറന്നത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി ഇന്ത്യയും സ്വീകരിച്ചത്.
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ സാഹചര്യങ്ങളിലെല്ലാം ഡോളർ വിറ്റഴിച്ച് രൂപയെ സഹായിക്കാനുള്ള ശ്രമം ആർബിഐ നടത്തുന്നുണ്ടായിരുന്നു. രൂപയുടെ മൂല്യം ഇതിനു മുൻപ് ചരിത്രപരമായ ഇടിവു നേരിട്ടത് 2022 മാർച്ചിലാണ്. ആ മാസം ആർബിഐ 200 കോടി ഡോളർ വരെ വിറ്റഴിച്ച ദിവസങ്ങളുണ്ട്. എസ്ബിഐ, ഐസിഐസിഐ തുടങ്ങി പൊതു, സ്വകാര്യ ബാങ്കുകളും ഡോളർ വിറ്റ് രൂപയുടെ കരുത്തു കൂട്ടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന നിരക്കിൽ 0.4 ശതമാനം വർധന വരുത്താനുള്ള നടപടിക്കു പിന്നിലും പണലഭ്യത കുറച്ച് കറൻസിയുടെ ശക്തി വർധിപ്പിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു.
എന്നാൽ ആർബിഐയുടെ കരുതൽ നടപടികൾക്കൊന്നും രൂപയെ രക്ഷിക്കാൻ കഴിയുന്നില്ലെന്നതാണു യാഥാർഥ്യം. അമേരിക്കൻ ഫെഡറൽ റിസർവ് 0.5 ശതമാനം (50 ബേസിസ് പോയിന്റ്) പലിശ നിരക്ക് വർധിപ്പിച്ചതിന്റെ ഫലമായി ഇന്ത്യയിൽനിന്നുള്ള നിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെടുന്നുണ്ട്. ഈ നിക്ഷേപം തിരികെ കൊണ്ടുപോകുന്നത് ഡോളറിലായതിൽ രൂപയ്ക്കേൽക്കുന്ന
ആഘാതം വളരെ വലുതാണ്. നാളുകളായി വിദേശസ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ) പിൻമാറ്റവും രൂപയുടെ റെക്കോർഡ് ഇടിവിനു കാരണമായി. ഓഹരി വിപണികളിൽനിന്നും കടപ്പത വിപണികളിൽ നിന്നുമുള്ള വിദേശ നിക്ഷേപകരുടെ പിൻമാറ്റം തുടരുന്നത് രൂപയുടെ നില വീണ്ടും ദുർബലമാകുമെന്ന സൂചനയാണു നൽകുന്നത്.
രൂപയുടെ വീഴ്ച പടുകുഴിയിലേക്ക്...
ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് കഴിഞ്ഞ തിങ്കളാഴ്ച ഇടിഞ്ഞത്. വ്യാപാരത്തിനിടെ ഡോളറിനെതിരെ 77.52 വരെയായി രൂപ ഇടിഞ്ഞു. ഇന്റർ ബാങ്ക് ഫോറെക്സ് വിപണിയിൽ കഴിഞ്ഞ മാസം 7ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 77.12 ലേക്ക് ഇടിഞ്ഞിരുന്നു. ഇതിനു മുൻപുള്ള രൂപയുടെ ഏറ്റവും താഴ്ന്ന മൂല്യമായിരുന്നു ഇത്. ചൊവ്വാഴ്ചത്തെ വ്യാപാരത്തിന്റെ
തുടക്കത്തിൽ ചെറിയ ആശ്വാസമുണ്ടായെങ്കിലും വ്യാപാരത്തിന്റെ അവസാനത്തിൽ 77.33 നിലവാരത്തിലാണ്
ഇനിയും ഗുരുതരമാകുമോ രൂപയുടെ ആരോഗ്യം?
രൂപ ഐസിയുവിൽനിന്നു വെന്റിലേറ്ററിലേക്കു
പോകാനുള്ള സാധ്യതകളാണ് വിപണിയിൽ നിന്നു ലഭിക്കുന്നത്. വരും ദിവസങ്ങളിൽത്തന്നെ രൂപയുടെ മൂല്യം ഡോളറിനെതിരെ 80 എന്ന നിർണായക നിലവാരം കടക്കുമെന്ന പ്രവചനങ്ങളുമുണ്ട്. പ്രതിദിനം കരുത്താർജിക്കുന്ന ഡോളർ, ഉയർന്ന അസംസ്കൃത എണ്ണ വില, വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ) പിൻമാറ്റം എന്നിവയെല്ലാം രൂപയുടെ ആരോഗ്യത്തെ കൂടുതൽ മോശമാക്കുന്ന
സാഹചര്യങ്ങളാണ്.
പണപ്പെരുപ്പമാണ് രൂപ നേരിടുന്ന മറ്റൊരു വലിയ ഭീഷണി. പണപ്പെരുപ്പം
നിയന്ത്രിക്കുന്നതിനായി അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഹോങ്കോങ്, യുഎഇ, ഇന്ത്യ, ജപ്പാൻ തുടങ്ങി ഒട്ടേറെ രാജ്യങ്ങൾ കഴിഞ്ഞ ദിവസം കേന്ദ്ര ബാങ്കുകളുടെ അടിസ്ഥാന നിരക്കുകൾ ഉയർത്തിയിരുന്നു. ഇനിയും ഈ രാജ്യങ്ങൾ തന്നെയോ മറ്റു രാജ്യങ്ങളോ നിരക്കു വർധിപ്പിക്കാനുള്ള സാധ്യതകളും ശക്തമായി നിലനിൽക്കുന്നുണ്ട്.
അമേരിക്കയിലെ പണപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിലവാരത്തിലാണ്. അപ്പോൾ വരും മാസങ്ങളിലെ പണനയ അവലോകന യോഗത്തിലും അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതകളുണ്ട്. കഴിഞ്ഞ തവണ നിരക്ക് ഉയർത്തിയപ്പോൾ 0.75 ശതമാനമാണ് ഉയർത്തേണ്ടിയിരുന്നതെന്നും എന്നാൽ ഇപ്പോൾ അരശതമാനം മാത്രമേ ഉയർത്തുന്നുള്ളൂ എന്നും പറഞ്ഞുകൊണ്ട് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവൽ നിരക്കുവർധനയുടെ സൂചന നൽകിയിരുന്നു.
പണപ്പെരുപ്പം രണ്ടക്കം കടന്ന സ്ഥിതിക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടും വീണ്ടും പലിശ നിരക്കു കൂട്ടാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. ലോകത്തിലെ പ്രധാന കേന്ദ്രബാങ്കുകൾ ഇനിയും നിരക്കു കൂട്ടിയാൽ രൂപയുടെ സ്ഥിതി കൂടുതൽ മോശമാകും. അമേരിക്കൻ ഫെഡറൽ റിസർവിന്റെ നിരക്കു കൂട്ടൽ ആഗോള ഓഹരി വിപണികളിൽ വലിയ വിൽപനാ സമ്മർദം സൃഷ്ടിച്ചിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതും രൂപയെ തളർത്തുന്നുണ്ട്. അസംസ്കൃത എണ്ണയുടെയും
റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതും രൂപയെ തളർത്തുന്നുണ്ട്. അസംസ്കൃത
എണ്ണയുടെയുംവിലയേറിയ ലോഹങ്ങളുടെയും ഗോതമ്പിന്റെയുമെല്ലാം വിലക്കയറ്റവും രൂപയെ ബാധിക്കുന്നുണ്ട്. ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധം ഇതുവരെ അവസാനിക്കാത്തത് പ്രതിസന്ധിയുടെ ആഴം
കുട്ടുന്നു. അമേരിക്കയുടെ ബോണ്ട് വരുമാനം കൂടുന്നതും അതുകൊണ്ടുതന്നെ വിപണിയിൽ നിന്നുള്ള വൻകിട നിക്ഷേപകരുടെ പിൻമാറ്റവും ഡോളറിന്റെ കരുത്തു കൂട്ടുന്ന ഘടകങ്ങളാണ്. ചൈനയിൽ കോവിഡ് ലോക്ഡൗൺ തുടരുന്നതിനാൽ ആഗോള വിതരണ ശൃംഖലയിലുണ്ടാകുന്ന തടസ്സവും തുടർന്നുള്ള പ്രതിസന്ധികളും രൂപയ്ക്കു തളർച്ച തന്നെയാകും സമ്മാനിക്കുക.
സ്വർണത്തിനു കരുത്താകുമോ രൂപയുടെ ക്ഷീണം?
അമേരിക്കൻ ഡോളർ കരുത്താർജിക്കുന്നതാണ് രൂപയുടെ മൂല്യം കുത്തനെ ഇടിയാൻ കാരണം. ഡോളർ കരുത്തുകാട്ടുന്നതു രാജ്യാന്തര വിപണിയിൽ സ്വർണവില കുറയാൻ കാരണമാകും. പക്ഷേ, രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞാലും രാജ്യത്ത് കാര്യമായ കുറവിനുള്ള സാധ്യതയില്ല. കാരണം ഇന്ത്യ വൻതോതിൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. 800-900 ടൺ ആണ് പ്രതിവർഷം ഇറക്കുമതി. ഇറക്കുമതി ചെയ്യുമ്പോൾ പണം ഡോളറിൽ നൽകേണ്ടതിനാൽ, രൂപ ഇടിയുന്നത് ഇറക്കുമതി ചെലവു വർധിക്കാനിടയാക്കും. ഇതു രാജ്യത്ത് സ്വർണവില കൂടാൻ കാരണമാകും. എന്നാൽ ഡോളർ കരുത്താർജിക്കുന്നതിനെത്തുടർന്നു രാജ്യാന്തര വിപണിയിൽ വില വൻതോതിൽ ഇടിഞ്ഞാൽ ആനുപാതിക കുറവ് ഇവിടെയും ലഭിക്കും.