ലൈംഗിക പീഡന കേസുകളിലെ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ


ലൈംഗിക പീഡന കേസുകളിലെ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമവുമായി തായ്‌ലാന്‍ഡ്. ലൈംഗിക പീഡന കേസുകളിലെ പ്രതികള്‍ക്ക് മരുന്ന് നല്‍കി, ലൈംഗികശേഷി ഇല്ലാതാക്കുന്ന നിയമമാണ് തായ്‌ലാന്‍ഡ് പാസാക്കാനൊരുങ്ങുന്നത്.
നിലവില്‍ ഇത്തരം കുറ്റവാളികള്‍ക്ക് നല്‍കുന്ന ജയില്‍ ശിക്ഷ അപര്യാപ്തമാണെന്നും, കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കൂടുതല്‍ കര്‍ക്കശമായ ശിക്ഷകള്‍ വേണമെന്നുമുള്ള അഭിപ്രായം പാര്‍ലമെന്‍റില്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് മരുന്ന് ഉപയോഗിച്ച്‌ ലൈംഗികശേഷി ഇല്ലാതാക്കുന്ന ശിക്ഷ നടപ്പാക്കാന്‍ തായ്‌ലാന്‍ഡ് ഒരുങ്ങുന്നത്.

മാര്‍ച്ചില്‍ അധോസഭ പാസാക്കിയ ബില്ലിന് തിങ്കളാഴ്ച വൈകി 145 സെനറ്റര്‍മാരുടെ അംഗീകാരം ലഭിച്ചു, രണ്ട് പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഉപരിസഭയുടെ അംഗീകാരവും തുടര്‍ന്ന് രാജാവിന്‍റെ അംഗീകാരവും ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. 2013 നും 2020 നും ഇടയില്‍ തായ് ജയിലുകളില്‍ നിന്ന് മോചിതരായ 16,413 ലൈംഗിക കുറ്റവാളികളില്‍ 4,848 പേര്‍ വീണ്ടും അതേ കുറ്റം ചെയ്തതായി സര്‍ക്കാര്‍ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയതായി കൊണ്ടുവരന്ന ബില്ലിന് കീഴില്‍, വീണ്ടും കുറ്റം ചെയ്യുന്നതായി കരുതപ്പെടുന്ന ലൈംഗിക കുറ്റവാളികള്‍ക്ക് അവരുടെ പുരുഷ ഹോര്‍മോണ്‍ (ടെസ്റ്റോസ്റ്റിറോണ്‍) അളവ് കുറയ്ക്കുന്ന കുത്തിവയ്പ്പുകള്‍ സ്വീകരിക്കാനുള്ള ഓപ്ഷന്‍ നല്‍കുകയാണ് ചെയ്യുന്നത്. കുറ്റവാളികള്‍ പത്തു വര്‍ഷത്തേക്ക് ഇലക്‌ട്രോണിക് മോണിറ്ററിംഗ് ബ്രേസ്ലെറ്റുകള്‍ ധരിക്കുകയും ഈ സമയം അവരെ അധികൃതര്‍ നിരീക്ഷിക്കുകയും ചെയ്യണമെന്ന് ബില്ലില്‍ പറയുന്നു.

നിയമം അംഗീകരിക്കപ്പെട്ടാല്‍, പോളണ്ട്, ദക്ഷിണ കൊറിയ, റഷ്യ, എസ്റ്റോണിയ എന്നീ രാജ്യങ്ങളുടെ പട്ടികയില്‍ തായ്‌ലാന്‍ഡ് ഇടംനേടും. "ഈ നിയമം വേഗത്തില്‍ പാസാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു," നീതിന്യായ മന്ത്രി സോംസാക് തെപ്‌സുതിന്‍ ചൊവ്വാഴ്ച പറഞ്ഞു. "സ്ത്രീകള്‍ക്ക് സംഭവിക്കുന്ന മോശമായ കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല," അദ്ദേഹം പറഞ്ഞു.

മരുന്ന് ഉപയോഗിച്ച്‌ ലൈംഗിക ശേഷി ഇല്ലാതാക്കുന്നത് ലൈംഗിക കുറ്റകൃത്യങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യില്ലെന്ന് ലൈംഗിക അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാരിതര സംഘടനയായ വിമന്‍ ആന്‍ഡ് മെന്‍ പ്രോഗ്രസീവ് മൂവ്‌മെന്റ് ഫൗണ്ടേഷന്റെ ഡയറക്ടര്‍ ജാദേദ് ചൗവിലായി പറഞ്ഞു. "ജയിലില്‍ കഴിയുമ്ബോള്‍ അവരുടെ ചിന്താഗതി മാറ്റി പ്രതികളെ പുനരധിവസിപ്പിക്കുകയാണ് ചെയ്യേണ്ടത്," അദ്ദേഹം പറഞ്ഞു. "വധശിക്ഷ അല്ലെങ്കില്‍ കുത്തിവപ്പ് ഉപയോഗിച്ച്‌ വന്ധ്യംകരിക്കല്‍ പോലുള്ള ശിക്ഷകള്‍ ഉപയോഗിക്കുന്നത് കുറ്റവാളിയെ പുനരധിവസിപ്പിക്കാന്‍ കഴിയില്ലെന്ന ആശയം ശക്തിപ്പെടുത്തുന്നു."- അദ്ദേഹം ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post