ചെലവ് കേന്ദ്രസർക്കാർ വഹിക്കും; യുക്രൈനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഊർജിതം


യുക്രൈനിലുള്ള ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ. നാട്ടിലെത്തിക്കാനുള്ള എല്ലാ ചെലവും സർക്കാർ വഹിക്കുമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിനു മലയാളികളടക്കം 20,000ത്തോളം ഇന്ത്യക്കാരാണ് യുക്രൈനിൽ കഴിയുന്നത്. വിദ്യാർത്ഥികളടക്കം എല്ലാവരെയും നാട്ടിൽ തിരിച്ചെത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഘ്‌ല അറിയിച്ചത്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള സാധ്യമായ എല്ലാ മാർഗങ്ങളും അവലംബിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രൈനിൽ സംഘർഷം രൂക്ഷമായതിനു പിന്നാലെ 4,000ത്തോളം പേർ രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇന്ന് യുക്രൈനിലെ സുമി നഗരം റഷ്യൻസേന നിയന്ത്രണത്തിലാക്കിയതിനു പിന്നാലെ 400നടുത്ത് ഇന്ത്യൻ വിദ്യാർത്ഥികൾ ബങ്കറുകളിൽ അഭയംതേടിയിരിക്കുകയാണെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. എത്രയും പെട്ടെന്ന് തങ്ങളെ രക്ഷിക്കണമെന്നാണ് ഇവിടെനിന്ന് സമൂഹമാധ്യമങ്ങൾ വഴി വിഡിയോകളിലൂടെ വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്.

Post a Comment

Previous Post Next Post