പലപ്പോഴും സങ്കടം അമിതമായ ദേഷ്യമായി മാറുന്നു; മനസിനുണ്ടാകുന്ന താളപ്പിഴകള്‍ തിരിച്ചറിയാതെ പോകരുത്


WORLD MENTAL HEALTH DAY 2023
പലപ്പോഴും സങ്കടം അമിതമായ ദേഷ്യമായി മാറുന്നു; മനസിനുണ്ടാകുന്ന താളപ്പിഴകള്‍ തിരിച്ചറിയാതെ പോകരുത്

പലരും മുൻവിധികളോടെ കൈകാര്യം ചെയ്യുന്ന ഒരു വിഷയമാണ് മാനസികാരോഗ്യം. നമ്മൾ ശാരീരിക ആരോഗ്യത്തിനു എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുവോ അത്ര തന്നെ പ്രാധാന്യം നൽകേണ്ട വിഷയമാണ് മാനസികാരോഗ്യവും.


എന്നാൽ മാനസികാരോഗ്യത്തെക്കുറിച്ച് ഇപ്പോഴും കൃത്യമായ അവബോധം പലർക്കുമില്ല. തങ്ങളുടെ പ്രശ്നങ്ങൾ സമയാസമയം കൃത്യമായി മനസിലാക്കാതിരിക്കുന്നതും അവ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ കഴിയാത്തതും അവയെക്കുറിച്ചു വേണ്ട രീതിയിൽ ആശയവിനിമയം നടത്തുവാൻ കഴിയാത്തതുമായ അവസ്ഥ പലപ്പോഴുമുണ്ടാകാറുണ്ട്. മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്ത് കരുതും, തങ്ങളുടെ ഭാവിയെ ഇത് ബാധിക്കുമോ എന്നുള്ള ഭയം എന്നിവയൊക്കെ മൂലം മാനസിക പ്രശ്നങ്ങളെ കുറിച്ച് തുറന്നുപറയാൻ പലരും മടിക്കുന്നു.

എന്താണ് മാനസികാരോഗ്യം


തന്റെ കഴിവുകൾ തിരിച്ചറിയുന്നതിനും ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥയാണ് മാനസികാരോഗ്യം എന്നാണ് ലോകാരോഗ്യ സംഘടന മാനസികാരോഗ്യത്തിനു നൽകിയിരിക്കുന്ന നിർവചനം.

ഇമോഷണൽ വെൽബീയിങ്


നമ്മുടെ വികാരങ്ങളെ മനസിലാക്കുകയും അവയെ വേണ്ടരീതിയിൽ അവതരിപ്പിക്കാൻ കഴിയുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. എപ്പോഴും സന്തോഷമായിട്ടിരിക്കുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാരണം അത് ആർക്കും എപ്പോഴും സാധിക്കുന്ന ഒരു കാര്യമല്ല. നമ്മുടെ വികാരമണ്ഡലം എന്ന് പറയുന്നത് സന്തോഷവും വിഷമവും സമ്മർദ്ദങ്ങളുമെല്ലാം ഒത്തുചേർന്ന ഒരു സ്ഥിതിവിശേഷമാണ്. പക്ഷേ, നമ്മൾ കടന്നുപോകുന്ന വികാരങ്ങളെ സമയാസമയം കൃത്യമായി തിരിച്ചറിയുകയും അത് മറ്റുള്ളവരെ ബാധിക്കാത്ത രീതിയിൽ അവതരിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കഴിയുക എന്നതാണ് ഒരു വ്യക്തിയുടെ ഇമോഷണൽ വെൽബീയിങ് എന്നത് കൊണ്ട് അർഥമാക്കുന്നത്.

അതായത് നമ്മൾ വിഷമം നിറഞ്ഞ ഒരു സാഹചര്യത്തിലൂടെ മുന്നോട്ട് പോകുമ്പോൾ ചെറിയ കാര്യങ്ങൾക്ക് പോലും നമുക്ക് ദേഷ്യം വന്നേക്കാം. എന്നാൽ അത് ദേഷ്യം ആണെന്ന് തെറ്റിദ്ധരിക്കാതെ അതിന്റെ ശരിയായ കാരണം നമ്മുടെ ഉള്ളിലെ വിഷമം ആണെന്ന് മനസിലാക്കി അത് ആ രീതിയിൽ കൈകാര്യം ചെയ്യുകയാണ് വേണ്ടത്. അങ്ങനെ ശരിയായ രീതിയിൽ വിഷമത്തെ കൈകാര്യം ചെയ്താൽ ആർക്കും ഒരു ബുദ്ധിമുട്ടും വരാതെ നമുക്ക് ദേഷ്യത്തെ നിയന്ത്രിച്ചു നിർത്തുവാൻ കഴിയും.

കൗമാരക്കാരുടെ മാതാപിതാക്കൾ മനസിലാക്കാതെ പോകുന്ന വലിയ ഒരു പ്രയാസമാണ് ഇത്. തങ്ങളുടെ കുട്ടി അമിതമായി ദേഷ്യപ്പെടുന്നു, അനാവശ്യമായി കരയുന്നു എന്നൊക്കെ ധാരാളം മാതാപിതാക്കൾ അവരുടെ വിഷമം പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ ഇതിന്റെ അടിസ്ഥാന കാരണം എന്താണെന്നു അന്വേഷിക്കാനോ മനസ്സിലാക്കാനോ അതിനനുസരിച്ചു തങ്ങളുടെ കുട്ടികൾക്ക് ആവശ്യമായ മാനസികധൈര്യം പകർന്നു നൽകുന്നതിനോ ഈ മാതാപിതാക്കൾക്ക് കഴിയാതെ പോകുന്നു.

മാതാപിതാക്കളുടെയും മക്കളുടെയും ഇടയിൽ ശരിയായ ആശയവിനിമയം നടക്കാത്തതാണ് ഇതിനുള്ള കാരണം. കുട്ടിക്കാലം തൊട്ടേ കുട്ടികൾക്ക് പറയാനുള്ള കാര്യങ്ങൾ തങ്ങളോട് തുറന്നു പറയുന്നതിനുള്ള അവസരങ്ങൾ നൽകാതെ കൗമാരകാലത്ത് അത് ചെയ്യണം എന്ന് കുട്ടികളോട് ആവശ്യപ്പെടുന്ന മാതാപിതാക്കളാണ് പ്രധാനമായും ഇങ്ങനെയുള്ള സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നത്.

ബിഹേവിയറൽ വെൽബീയിങ്

ഒരു പ്രത്യേക സാഹചര്യത്തിൽ നമ്മൾ എങ്ങനെ പെരുമാറണം, അല്ലെങ്കിൽ പ്രതികരിക്കണം എന്നതിനെ ആണ് ബിഹേവിയറൽ വെൽബീയിങ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ വ്യത്യസ്ത സാഹചര്യങ്ങളിലുള്ള പെരുമാറ്റവും പ്രതികരണവും മോശമായി വരുമ്പോൾ അത് നമ്മുടെ ബന്ധങ്ങളെയും ജോലിയെയും സൗഹൃദങ്ങളെയും പടിപടിയായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

കോഗ്നിറ്റീവ് വെൽബീയിങ്

നമ്മുടെ ചിന്താതലത്തിലുള്ള സമതുലനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു സാഹചര്യം ഉണ്ടാകുമ്പോൾ അതിനെക്കുറിച്ചു ചിന്തിച്ചു നല്ല രീതിയിൽ ആ സാഹചര്യത്തെ കൈകാര്യം ചെയ്തു മുന്നോട്ടു പോവുക, ഒരു പ്രശ്നമുണ്ടാകുമ്പോൾ കൃത്യമായി ആലോചിച്ചു അതിന്റെ വഴികൾ കണ്ടെത്തി മുന്നോട്ടുപോവുക, പ്രശ്നങ്ങൾ വരുമ്പോൾ അവയെ നല്ല രീതിയിൽ തന്നെ അഭിമുഖീകരിക്കാൻ സാധിക്കുന്നുണ്ടോ, ചിന്തകളെ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടോ എന്നീ കാര്യങ്ങൾ ആണ് കോഗ്നിറ്റീവ് വെൽബീയിങ്ങിന്റെ പ്രധാന ഘടകങ്ങൾ.

നമ്മുടെ ചിന്തകൾ തന്നെ നമുക്കെതിരെ പ്രവർത്തിക്കുന്നത് വളരെ പ്രയാസകരമായ ഒരു അവസ്ഥയാണ്. നമ്മുടെ ചിന്തകളെ നിയന്ത്രിക്കാൻ പറ്റാതെ വരിക, അവയെ കൃത്യമായി മനസിലാക്കാനും പ്രവർത്തിക്കാനും സാധിക്കാതെ ഇരിക്കുക എന്നൊക്കെ വരുമ്പോൾ അത് വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ വളരെ ഗൗരവതരമാണ്.

മാനസികാരോഗ്യം എന്നത് ഒരാളുടെ ഇമോഷണൽ വെൽബീയിങ്, ബിഹേവിയറൽ വെൽബീയിങ്, കോഗ്നിറ്റീവ് വെൽബീയിങ് എന്നിവ വളരെ നല്ല രീതിയിൽ ബാലൻസ് ചെയ്ത് പോകുന്നതിനുള്ള ശേഷിയാണ്.

നല്ല മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനായി ചുവടെ പറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തുക:

- ചിട്ടയായ ഉറക്കം.
- വ്യായാമം.
- Self care/me time - അതായത് അവനവനു വേണ്ടി നിർബന്ധമായും കുറച്ചു സമയം കണ്ടെത്തിയിരിക്കണം.
- ആരോഗ്യകരമായ ഭക്ഷണരീതി

ഇതൊക്കെ ചെയ്തിട്ടും ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ ഒന്നും പ്രകടമാവുന്നില്ല എങ്കിൽ നിങ്ങൾ ഒട്ടും സമയം പാഴാക്കാതെ മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കേണ്ടതാണ്.

(കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്

Post a Comment

Previous Post Next Post